പേവിഷ പ്രതിരോധ വാക്സിൻ നിർബന്ധം; നായ ഉടമകൾക്ക് കർശന നിർദേശങ്ങളുമായി കുവൈത്ത്, നിയമലംഘനത്തിന് തടവും പിഴയും

നായ്ക്കളെ വളർത്തുന്നതിന് ഉടമകൾ ഔദ്യോഗിക ലൈസൻസ് സ്വന്തമാക്കണം. തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തിയ ലോഹ ടാഗ് ഘടിപ്പിച്ച കോളറും ഓരോ നായയ്ക്കും നിർബന്ധമാണ്. അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുന്നതിനൊപ്പം പേവിഷബാധയ്ക്കെതിരായ വാക്സിനും നൽകണം

പേവിഷ പ്രതിരോധ വാക്സിൻ നിർബന്ധം; നായ ഉടമകൾക്ക് കർശന നിർദേശങ്ങളുമായി കുവൈത്ത്, നിയമലംഘനത്തിന് തടവും പിഴയും

കുവൈത്ത് സിറ്റി: നായ്ക്കളെ വളർത്തുന്നവർ പാലിക്കേണ്ട നിയമങ്ങൾ കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 30 കുവൈത്ത് ദിനാറിൽ കൂടുതലുള്ള പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷ, മൃഗങ്ങളുടെ ആരോഗ്യം, താമസസ്ഥലങ്ങളിലെയും പൊതുഇടങ്ങളിലെയും ശുചിത്വം എന്നിവ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.

നായ്ക്കളെ വളർത്തുന്നതിന് ഉടമകൾ ഔദ്യോഗിക ലൈസൻസ് സ്വന്തമാക്കണം. തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തിയ ലോഹ ടാഗ് ഘടിപ്പിച്ച കോളറും ഓരോ നായയ്ക്കും നിർബന്ധമാണ്. അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുന്നതിനൊപ്പം പേവിഷബാധയ്ക്കെതിരായ വാക്സിനും നൽകണം. ഇതിന്റെ ഭാഗമായി വർഷംതോറും ബൂസ്റ്റർ ഡോസും ഉറപ്പാക്കേണ്ടതുണ്ട്. പൊതുറോഡുകളിലൂടെയും നടപ്പാതകളിലൂടെയും നായ്ക്കളുമായി സഞ്ചരിക്കുമ്പോൾ നിയന്ത്രണച്ചങ്ങലയും വായ മൂടാനുള്ള സുരക്ഷാ ഉപകരണവും ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയോ രോഗബാധയുണ്ടെന്ന് സംശയം തോന്നുകയോ ചെയ്താൽ ഉടൻ വെറ്ററിനറി അധികൃതരെ വിവരമറിയിക്കണം. രോഗബാധ സംശയിക്കുന്നതോ പേവിഷബാധയേറ്റതോ ആയ മൃഗങ്ങളുടെ ജഡം അധികൃതരുടെ നിർദേശമില്ലാതെ സംസ്കരിക്കാനും പാടില്ല. ലൈസൻസ്, തിരിച്ചറിയൽ ടാഗ്, വാക്സിനേഷൻ തുടങ്ങിയ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ഉടമകളോട് ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കുന്നതിലൂടെ മനുഷ്യരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളുടെ ക്ഷേമവും സംരക്ഷിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.