കളിത്തോക്ക് ചൂണ്ടിയുള്ള ജ്വല്ലറി കവർച്ച; രണ്ട് സിറിയൻ പ്രവാസികളെ പിടികൂടി കുവൈത്ത് പൊലീസ്
സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കവർന്നെടുത്ത മുഴുവൻ സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ നടന്ന കവർച്ചാ കേസിലെ പ്രതികളെ അതിവേഗ അന്വേഷണത്തിലൂടെ പിടികൂടി കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്. സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കവർന്നെടുത്ത മുഴുവൻ സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കളിത്തോക്ക് ഉപയോഗിച്ചാണ് പ്രതികൾ ജ്വല്ലറിയിൽ കവർച്ച നടത്തിയത്. ജീവനക്കാരനെ ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം സ്വർണ മാലകളും വളകളും ഉൾപ്പെടെയുള്ള ആഭരണങ്ങളുമായി സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒരാളെ ജലീബ് അൽ ഷുയൂഖിൽ നിന്നും മറ്റൊരാളെ ഹവല്ലിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനം രണ്ടാഴ്ച മുമ്പ് മോഷ്ടിച്ചതാണെന്നും, അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. തിരിച്ചറിയൽ ഒഴിവാക്കാൻ വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മരുഭൂമിയിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്വർണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച കളിത്തോക്കും പോലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
Comments ()