പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ വിസിറ്റ് വിസ പുതുക്കൽ നടപടികൾ ഇനി അബ്ഷിറിലൂടെ

വിസ അനുവദിച്ച വ്യക്തിയുടെ സ്പോൺസറുടെ അബ്ഷിർ അക്കൗണ്ട് ഉപയോഗിച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സന്ദർശകന്റെ പാസ്‌പോർട്ട് സാധുവായിരിക്കണം. കൂടാതെ മെഡിക്കൽ ഇൻഷുറൻസ് കാലാവധി നിലനിൽക്കുകയും വിസ പുതുക്കാനുള്ള ഫീസ് അടച്ചിരിക്കണമെന്നും ജവാസത് അറിയിച്ചു

പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ വിസിറ്റ് വിസ പുതുക്കൽ നടപടികൾ ഇനി അബ്ഷിറിലൂടെ

റിയാദ്: സൗദിയിൽ സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനം കൂടുതൽ ലളിതമാക്കി ജവാസത്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ ദീർഘിപ്പിക്കാനുള്ള സൗകര്യം ഇനി അബ്ഷിർ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. ഇതോടെ അപേക്ഷകർക്ക് ജവാസത് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയും.

വിസ അനുവദിച്ച വ്യക്തിയുടെ സ്പോൺസറുടെ അബ്ഷിർ അക്കൗണ്ട് ഉപയോഗിച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സന്ദർശകന്റെ പാസ്‌പോർട്ട് സാധുവായിരിക്കണം. കൂടാതെ മെഡിക്കൽ ഇൻഷുറൻസ് കാലാവധി നിലനിൽക്കുകയും വിസ പുതുക്കാനുള്ള ഫീസ് അടച്ചിരിക്കണമെന്നും ജവാസത് അറിയിച്ചു.

സന്ദർശകന്റെ പേരിൽ കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ ഉണ്ടെങ്കിൽ അപേക്ഷ നൽകാൻ കഴിയില്ല. വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോഴോ, അല്ലെങ്കിൽ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലോ മാത്രമാണ് ദീർഘിപ്പിക്കൽ അപേക്ഷ സ്വീകരിക്കുക.

അപേക്ഷ നൽകുന്ന സമയത്ത് സന്ദർശകൻ സൗദി അറേബ്യയുടെ അതിർത്തിക്കുള്ളിൽ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. അബ്ഷിർ അക്കൗണ്ടിൽ പ്രവേശിച്ച് 'മൈ സർവീസസ്' വിഭാഗത്തിലെ 'പാസ്‌പോർട്ട്' ഓപ്ഷനിൽ നിന്ന് 'വിസിറ്റേഴ്‌സ് സർവീസസ്' തിരഞ്ഞെടുക്കുന്നതിലൂടെയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിസിറ്റ് വിസ ദീർഘിപ്പിക്കൽ സേവനവും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി.