വാഹന ഉടമകൾക്ക് ആശ്വാസം: റിയാദിൽ കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ; ആദ്യ 15 മിനിറ്റും വെള്ളിയാഴ്ചയും സൗജന്യം
ഉലയ്യയില്‍ മാത്രം 3,600-ലധികം പണമടച്ചുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്.
റിയാദ്: റിയാദ് നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും പാര്‍ക്കിങ് സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി 36,000-ത്തിലധികം പുതിയ പൊതുപാര്‍ക്കിങ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രധാന വാണിജ്യ മേഖലയായ ഉലയ്യയില്‍ മാത്രം 3,600-ലധികം പണമടച്ചുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. നഗരത്തിന്റെ ക്രമവും സൗന്ദര്യവും നിലനിര്‍ത്തുന്നതിനൊപ്പം വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും അനിയന്ത്രിതമായ പാര്‍ക്കിങ് തടയാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പുതിയ പാര്‍ക്കിങ് കേന്ദ്രങ്ങളിലും നിലവിലുള്ള പ്രവര്‍ത്തന നയം തന്നെയായിരിക്കും ബാധകമാകുന്നത്. ഇതനുസരിച്ച് ശനി മുതല്‍ വ്യാഴം വരെ രാവിലെ 8:00 മുതല്‍ അര്‍ധരാത്രി 12:00 വരെയായിരിക്കും പ്രവര്‍ത്തന സമയം. വെള്ളിയാഴ്ചകളില്‍ പൂര്‍ണമായും സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ള ഇവിടെ, കുറഞ്ഞ സമയത്തേക്ക് വാഹനം നിര്‍ത്തുന്നവര്‍ക്കായി ദിവസവും ആദ്യത്തെ 15 മിനിറ്റ് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
വാഹന ഉടമകള്‍ക്ക് പാര്‍ക്കിങ് ഫീസ് റിയാദ് പാര്‍ക്കിങ് ആപ്പ്, സ്വയം പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് മെഷീനുകള്‍, അല്ലെങ്കില്‍ ക്യൂആര്‍ കോഡ് സ്‌കാനിങ് എന്നിവ വഴി എളുപ്പത്തില്‍ അടയ്ക്കാവുന്നതാണ്. റിയാദിലെ പ്രധാന റോഡുകളിലും തെരുവുകളിലുമായി ഇതിനകം തന്നെ 25,000-ത്തിലധികം പണമടച്ചുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിലവിലുണ്ട്. പുതിയ കേന്ദ്രങ്ങള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നഗരത്തിലെ ഗതാഗത മാനേജ്മെന്റ് കൂടുതല്‍ സുഗമവും കാര്യക്ഷമവുമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments ()