മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന; 221 പേർ പിടിയിൽ, 790 ട്രാഫിക് നിയമലംഘനങ്ങൾ
അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ 11 പേരെയും മയക്കുമരുന്നും മദ്യവും കൈവശം വെച്ചിരുന്ന എട്ട് പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന ഒമ്പത് വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂല മേഖലയിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 221 പേർ അറസ്റ്റിലായി. അൽ അഹ്മദി ഗവർണറേറ്റിൽ കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിവിധ സുരക്ഷാ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 109 പേരെയാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. കാലാവധി കഴിഞ്ഞ താമസാനുമതിയുമായി രാജ്യത്ത് തുടരുകയായിരുന്ന 62 പേരും തിരിച്ചറിയൽ രേഖകൾ കൈവശമില്ലാതിരുന്ന 31 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ 11 പേരെയും മയക്കുമരുന്നും മദ്യവും കൈവശം വെച്ചിരുന്ന എട്ട് പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന ഒമ്പത് വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി.
സുരക്ഷാ പരിശോധനയുടെ ഭാഗമായി 790 ട്രാഫിക് നിയമലംഘനങ്ങളും അധികൃതർ രേഖപ്പെടുത്തി. അഹ്മദി ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ അഹ്മദ് അൽ സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനൈഫിയും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഫഹദ് അൽ അസ്മിയും പരിശോധനയ്ക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു.
കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments ()