കുവൈത്തിൽ 67 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം

കുവൈത്തിൽ സഹകരണ സംഘങ്ങളിലും യൂണിയനുകളിലും ജോലി ചെയ്യുന്ന 67 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം

കുവൈത്തിൽ 67 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം

കുവൈത്തിലെ സഹകരണ സംഘങ്ങളിലും യൂണിയനുകളിലും ജോലി ചെയ്യുന്ന 67 വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാൻ സാമൂഹികക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകി. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി നടപ്പിലാക്കേണ്ട ഈ നടപടിയിലൂടെ, ഒഴിവാക്കപ്പെടുന്ന ജീവനക്കാർക്ക് അർഹമായ എല്ലാ സാമ്പത്തിക-തൊഴിൽ ആനുകൂല്യങ്ങളും പൂർണ്ണമായി ലഭ്യമാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാർഗ്ഗനിർദ്ദേശം എല്ലാ സഹകരണ സംഘങ്ങളെയും അറിയിക്കാനും, നിർദ്ദേശം നടപ്പിലാക്കിയതിന്റെ തെളിവുകളും ഇതിന്റെ പരിധിയിൽ വരുന്ന ജീവനക്കാരുടെ പട്ടികയും 30 ദിവസത്തിനകം സമർപ്പിക്കാനും യൂണിയൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സഹകരണ മേഖലയിലെ തൊഴിൽ ശക്തിയെ കൃത്യമായി ചിട്ടപ്പെടുത്തുന്നതിനും തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന സ്വദേശിവൽക്കരണം വേഗത്തിലാക്കുന്നതിനും ഈ നീക്കം സഹായിക്കും. 'കുവൈത്ത് വിഷൻ 2035'ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി യോഗ്യരായ കുവൈത്തി യുവാക്കൾക്ക് തൊഴിൽ രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ഈ പുതിയ തീരുമാനത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം.