പ്രവാസി അധ്യാപകർക്ക് തിരിച്ചടി; കുവൈത്തിൽ 7,019 പേരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം

മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ കായിക വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് അധിക അധ്യാപകരുടെ എണ്ണം കൂടുതലുള്ളത്. സീനിയോറിറ്റി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആദ്യഘട്ട പട്ടിക തയ്യാറാക്കിയിരിക്കുന്നത്

പ്രവാസി അധ്യാപകർക്ക് തിരിച്ചടി; കുവൈത്തിൽ 7,019 പേരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപക തസ്തികകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി 7,019 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ട നടപടിയുടെ ഭാഗമായി 1,551 പുരുഷ അധ്യാപകരും 5,468 വനിതാ അധ്യാപകരുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവിധ വിഷയങ്ങളിലായി അധികമായി തുടരുന്ന അധ്യാപക തസ്തികകൾ യഥാർഥ ആവശ്യകതയ്ക്ക് അനുസരിച്ച് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതിലൂടെ ശമ്പള ഇനത്തിൽ പ്രതിവർഷം ഏകദേശം 4.2 കോടി കുവൈത്തി ദിനാർ ലാഭിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. പിരിച്ചുവിടൽ സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന അധ്യാപകർക്ക് സർക്കാർ സംവിധാനമായ ‘സാഹെൽ’ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരം കൈമാറുക. അതേസമയം, സേവനം അവസാനിപ്പിക്കുന്നവരുടെ നിയമപരമായ ആനുകൂല്യങ്ങളും തൊഴിൽപരമായ കുടിശ്ശികകളും പൂർണമായി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ കായിക വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് അധിക അധ്യാപകരുടെ എണ്ണം കൂടുതലുള്ളത്. സീനിയോറിറ്റി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആദ്യഘട്ട പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ എല്ലാ വിഷയങ്ങളിലും ഒരുപോലെ അധ്യാപക വെട്ടിക്കുറയ്ക്കൽ നടത്തില്ലെന്നും അധ്യാപക ക്ഷാമം നേരിടുന്ന വിഷയങ്ങളിൽ ആവശ്യാനുസരണം പുതിയ നിയമനങ്ങൾ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.