ഡിഎൻഎ പരിശോധനയിൽ നിർണായക തെളിവ്; കുവൈത്തിൽ 60 വർഷം പഴക്കമുള്ള പൗരത്വ തട്ടിപ്പ് പുറത്ത്

കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഡിഎൻഎ സാമ്പിളാണ് കേസിൽ വഴിത്തിരിവായത്. കുടുംബരേഖകൾ വിശദമായി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, മരിച്ച വ്യക്തിയുടെ മക്കളായി ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിരുന്ന അഞ്ച് പേർ അദ്ദേഹത്തിന്റെ ജൈവമക്കളല്ലെന്ന് കണ്ടെത്തുകയായിരുന്നു

ഡിഎൻഎ പരിശോധനയിൽ നിർണായക തെളിവ്; കുവൈത്തിൽ 60 വർഷം പഴക്കമുള്ള പൗരത്വ തട്ടിപ്പ് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പൗരത്വ തട്ടിപ്പിന്റെ ചുരുളഴിച്ച് അധികൃതർ. മരിച്ച കുവൈത്ത് പൗരന്റെ ജനിതക സാമ്പിൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കുടുംബരേഖകളിൽ വർഷങ്ങളായി മറച്ചുവെച്ചിരുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഡിഎൻഎ സാമ്പിളാണ് കേസിൽ വഴിത്തിരിവായത്. കുടുംബരേഖകൾ വിശദമായി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, മരിച്ച വ്യക്തിയുടെ മക്കളായി ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിരുന്ന അഞ്ച് പേർ അദ്ദേഹത്തിന്റെ ജൈവമക്കളല്ലെന്ന് കണ്ടെത്തുകയായിരുന്നു.

സിറിയൻ സ്വദേശികളായ സഹോദരന്മാരുടെ മക്കളെയാണ് ഇയാൾ സ്വന്തം മക്കളെന്ന നിലയിൽ കുവൈത്ത് പൗരത്വ രേഖകളിൽ ഉൾപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 1965-ൽ കുവൈത്ത് പൗരത്വം ലഭിച്ചതിന് പിന്നാലെയാണ് രേഖകളിൽ ഈ മാറ്റങ്ങൾ നടത്തിയതെന്നാണ് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കണ്ടെത്തൽ.

കേസിൽ ഉൾപ്പെട്ടവരിൽ ഒരാൾ പിന്നീട് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ പ്രവേശിച്ച് ഉയർന്ന പദവികളിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണെന്നും അധികൃതർ വ്യക്തമാക്കി. പിന്നീട് മേഖല കമാൻഡർ പദവിയിലേക്കും ഇയാൾ ഉയർന്നിരുന്നു.

കൂടുതൽ അന്വേഷണം നടത്തിയതോടെ ഈ വ്യക്തിയുടെ കുടുംബ പശ്ചാത്തലത്തിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഇയാളുടെ യഥാർഥ മാതാവും സഹോദരങ്ങളും സിറിയൻ പൗരത്വത്തോടെയാണ് കുവൈത്തിൽ കഴിഞ്ഞിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജൈവ സഹോദരന്മാരിൽ ഒരാൾ ബിദൂൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും കണ്ടെത്തി.

അതേസമയം, കുടുംബത്തിലെ മറ്റ് അംഗങ്ങൾ യഥാർഥ കുടുംബപ്പേര് ഉപയോഗിച്ചിരുന്നപ്പോൾ, അന്വേഷണവിധേയനായ ഉദ്യോഗസ്ഥൻ കുവൈത്തിൽ മറ്റൊരു പേരിലാണ് ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. പതിറ്റാണ്ടുകളായി രേഖകളിൽ നിലനിന്നിരുന്ന ഈ വ്യാജ കുടുംബബന്ധങ്ങളാണ് ഇപ്പോൾ ഡിഎൻഎ പരിശോധനയിലൂടെ പുറത്തായത്.