മറ്റുള്ളവർ നൽകുന്ന പാഴ്സലുകൾ കൊണ്ടുപോകരുത്; കുവൈത്തിൽ യാത്രക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

സമീപകാലത്ത് നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നിൽ. വിദേശത്തുനിന്ന് മറ്റൊരാൾക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ അവയ്ക്കുള്ളിൽ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തുകയായിരുന്നു

മറ്റുള്ളവർ നൽകുന്ന പാഴ്സലുകൾ കൊണ്ടുപോകരുത്; കുവൈത്തിൽ  യാത്രക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: മറ്റുള്ളവർ കൈമാറുന്ന ബാഗുകളോ പാഴ്സലുകളോ മരുന്ന് പാക്കറ്റുകളോ പരിശോധിക്കാതെ യാത്രയ്ക്കിടെ കൊണ്ടുപോകരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. യാത്രക്കാരുടെ അറിവില്ലായ്മ മുതലെടുത്ത് നിരോധിത ലഹരി വസ്തുക്കൾ കടത്താൻ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സമീപകാലത്ത് നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നിൽ. വിദേശത്തുനിന്ന് മറ്റൊരാൾക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ അവയ്ക്കുള്ളിൽ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തുകയായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് യാത്രക്കാരെ അധികൃതർ പിടികൂടി.

മരുന്നുകളാണെന്ന വിശ്വാസത്തിലാണ് പാക്കറ്റുകൾ ഏറ്റുവാങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ യാത്രക്കാർ നൽകിയ മൊഴി. എന്നാൽ മറ്റൊരാൾ കൈമാറിയതാണെന്ന കാരണത്താൽ നിയമബാധ്യതയിൽനിന്ന് ഒഴിവാകാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും മറ്റുള്ളവരുടെ സാധനങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.