പ്രവാസികൾക്ക് തിരിച്ചടി: കുവൈത്തിൽ വായ്പാ നിബന്ധനകൾ കടുപ്പിച്ച് ബാങ്കുകൾ

കുവൈത്തിലെ സ്വദേശിവത്കരണ പദ്ധതികളും തൊഴിൽ സുരക്ഷാ ആശങ്കകളും കാരണം പ്രവാസി വായ്പകൾക്കുള്ള വ്യവസ്ഥകൾ ബാങ്കുകൾ കർശനമാക്കുകയാണ്

പ്രവാസികൾക്ക് തിരിച്ചടി: കുവൈത്തിൽ വായ്പാ നിബന്ധനകൾ കടുപ്പിച്ച് ബാങ്കുകൾ

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണ നടപടികളും തൊഴിൽ അനിശ്ചിതത്വവും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിനുള്ള നയങ്ങൾ കൂടുതൽ കർശനമാക്കി കുവൈത്തിലെ ബാങ്കുകൾ. തൊഴിൽ നഷ്ടപ്പെടലോ കരാർ റദ്ദാക്കലോ മൂലം വായ്പാ തിരിച്ചടവിൽ ഉണ്ടാകാനിടയുള്ള തടസ്സങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിങ് മേഖല കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കുന്നത്.

സർക്കാർ തലത്തിൽ കുവൈത്തിവത്കരണത്തിന് വിധേയമാകുന്ന തസ്തികകൾ, പുനഃസംഘടന നടക്കുന്ന സ്ഥാപനങ്ങൾ, അധികപ്പറ്റായി കണക്കാക്കപ്പെടുന്ന തൊഴിൽ മേഖലകൾ എന്നിവ ബാങ്കുകളുടെ നിർണായക നിരീക്ഷണത്തിലാണ്. നിലവിൽ സർക്കാർ സ്കൂളുകളിൽ ജീവനക്കാരുടെ അധികപ്പറ്റ് നേരിടുന്ന ചില വിഷയാധ്യാപകർ, സഹകരണ സംഘങ്ങളിലെയും പൊതുജനക്ഷേമ സംഘടനകളിലെയും ജീവനക്കാർ എന്നിവരാണ് ഈ വിലയിരുത്തലുകളിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഇത്തരം തസ്തികകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാനോ കരാറുകൾ അവസാനിപ്പിക്കപ്പെടാനോ ഉള്ള സാധ്യത കൂടുതലാണെന്നാണ് ബാങ്കിങ് വൃത്തങ്ങളുടെ നിരീക്ഷണം.

അതേസമയം, പ്രവാസികൾക്കുള്ള വായ്പകൾ ബാങ്കുകൾ പൂർണ്ണമായി നിർത്തലാക്കിയിട്ടില്ല. ഉയർന്ന ശമ്പളവും സാമ്പത്തിക ഗ്യാരണ്ടിയുമുള്ളവർക്കും, സുരക്ഷിതമായ തൊഴിൽ മേഖലകളിലെ വിദഗ്ദ്ധരായ പ്രവാസികൾക്കും ബാങ്കുകൾ ഇപ്പോഴും വായ്പ അനുവദിക്കുന്നുണ്ട്.