കൊച്ചിയിലെ കുഴിമന്തി ഭക്ഷ്യവിഷബാധ; ഷിഗെല്ല ബാധ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്
ഈ മാസം 10, 11 തീയതികളിൽ റെസ്റ്റോറന്റിൽ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചവരിൽ അൻപതോളം പേർക്ക് വയറുവേദന, ഛർദ്ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
കൊച്ചി: കത്രിക്കടവിലെ അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ ഭക്ഷ്യവിഷബാധാ സംഭവത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അന്വേഷണം ശക്തമാക്കി. പ്രാഥമിക പരിശോധനയിൽ മൂന്ന് പേർക്ക് രോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.
ഈ മാസം 10, 11 തീയതികളിൽ റെസ്റ്റോറന്റിൽ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചവരിൽ അൻപതോളം പേർക്ക് വയറുവേദന, ഛർദ്ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പരിശോധിച്ച 15 സാമ്പിളുകളിൽ നിന്നാണ് മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായവരുടെ പരിശോധനാഫലങ്ങളാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീകേഷ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനാൽ റെസ്റ്റോറന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, പുണിത്തുറ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടൽ മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ ലബോറട്ടറി പരിശോധനയും അന്വേഷണവും പൂർത്തിയായ ശേഷമേ രോഗബാധയുടെ യഥാർത്ഥ ഉറവിടം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.
Comments ()