‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്' ; കീഴടങ്ങാൻ ആവശ്യപ്പെട്ട് സൈന്യം, പിന്നാലെ വെടിവച്ചു കൊന്നു
ഏറ്റുമുട്ടലിൽ സൈന്യം ഭട്ടിനെ വധിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. ഈ മാസം 11ന് അഖ്റൻ ഗ്രാമത്തിലെ സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാൾ. മൂന്ന് സൈനികർക്ക് പരുക്കേറ്റ ഈ ആക്രമണം ഭട്ടും കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഉമർ നിസാർ ദറും ചേർന്നാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
ഒളിത്താവളം വളഞ്ഞ സുരക്ഷാ സേന, വിഡിയോ കോളിലൂടെ കീഴടങ്ങാൻ ഭട്ടിനോട് ആവശ്യപ്പെട്ടിരുന്നു. ‘‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’’ എന്ന് ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയെങ്കിലും കീഴടങ്ങാൻ തയാറാകാതെ ഇയാൾ വെടിയുതിർത്തതോടെയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്.
കഴിഞ്ഞ ആറു മാസത്തോളം ഭട്ടിന് ഒളിത്താവളമൊരുക്കിയിരുന്നത് ഉമർ നിസാർ ദർ ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അടുത്തിടെയാണ് പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പോഷകസംഘടനയായ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ടി’ൽ ഉമർ ചേർന്നത്. ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.
നേരത്തെ, ലാറു ബൈപ്പാസിന് സമീപമുള്ള സ്കൂൾ കെട്ടിടത്തിൽ ഇരുവരും ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സേന നടത്തിയ തിരച്ചിലിലാണ് ഉമറിനെ വധിച്ചത്. അന്ന് വെടിയേറ്റെങ്കിലും രക്ഷപ്പെട്ട ലത്തീഫ് ഭട്ടിനെ കണ്ടെത്താൻ ഡ്രോണുകളുടെ സഹായത്തോടെയാണ് സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തിയത്.
Comments ()