ഫോൺ വിളിച്ചിട്ട് എടുത്തില്ല; പരിശോധനയിൽ 27കാരിയായ സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലുള്ള ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് രശ്മിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫോൺ വിളിച്ചിട്ട് എടുത്തില്ല; പരിശോധനയിൽ 27കാരിയായ സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഗ്രേറ്റർ നോയിഡയിലെ ജാർച്ച പൊലീസ് സ്റ്റേഷനിലെ 27 വയസ്സുകാരിയായ സബ് ഇൻസ്പെക്ടറെ ഔദ്യോഗിക ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2023 ബാച്ച് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് രശ്മിയുടെ പിതാവ് സ്റ്റേഷനിലെ സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലെ ക്വാർട്ടേഴ്സിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ പരിക്കേറ്റ പാടുകളൊന്നുമില്ലാത്തതിനാൽ ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ജാർച്ച സ്റ്റേഷൻ ഇൻ-ചാർജ് കൈലാഷ് നാഥ് അറിയിച്ചു. എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർഥ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും ബന്ധുക്കളെ വിവരമറിയിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.