ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ഞായറാഴ്ച ദുബായിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികൾക്കായി കാത്തുനിൽക്കുമ്പോൾ സനീഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു
കൊച്ചി: ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാനായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി യാത്രാമധ്യേ മരിച്ചു. ദുബായിൽ ജോലി ചെയ്തിരുന്ന സനീഷ് ബാബു (48) ആണ് ഹൈദരാബാദ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്.
ഞായറാഴ്ച ദുബായിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികൾക്കായി കാത്തുനിൽക്കുമ്പോൾ സനീഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
കഴിഞ്ഞ പത്ത് വർഷമായി ദുബായിലായിരുന്നു സനീഷ്. ബിൽഡിംഗ് ആക്സസ് സൊല്യൂഷൻസ് കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനായി ഒരു മാസത്തെ അവധിയെടുത്താണ് നാട്ടിലേക്ക് പുറപ്പെട്ടത്.
സനീഷിന്റെ കുടുംബത്തിന് ഉടൻ ഹൈദരാബാദിലെത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വിമാനക്കമ്പനി അധികൃതരും വിമാനത്താവള പൊലീസും ചേർന്ന് ഏകോപിപ്പിച്ചു. തുടർന്ന് കൊച്ചിയിലേക്കുള്ള അടുത്ത വിമാനത്തിൽ മൃതദേഹം അയച്ചു.
ഓണം ആഘോഷിക്കാനായി കാത്തിരുന്ന കുടുംബത്തിന് മുന്നിലെത്തിയത് സനീഷിന്റെ ജീവനറ്റ ശരീരമായിരുന്നു. ഭാര്യയും മകളും മാതാപിതാക്കളുമടക്കം കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയാണ് അപ്രതീക്ഷിത വിയോഗം.
Comments ()