പന്നിയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത് പുലി; കണ്ണൂരിൽ നാട്ടുകാർ ഭീതിയിൽ

പുലർച്ചെ പ്രദേശത്ത് നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കെണിയിൽ കുടുങ്ങിയ പുലിയെ കണ്ടത്. ഉടൻ തന്നെ വിവരം കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു

പന്നിയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത് പുലി; കണ്ണൂരിൽ നാട്ടുകാർ ഭീതിയിൽ

കണ്ണൂർ: മാലൂരിൽ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങിയത് പ്രദേശത്ത് ആശങ്കയ്ക്കിടയാക്കി. കെ.പി.ആർ നഗർ സ്വദേശി രാമകൃഷ്ണന്റെ കൃഷിയിടത്തിലാണ് പുലിയെ കണ്ടെത്തിയത്.

പുലർച്ചെ പ്രദേശത്ത് നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കെണിയിൽ കുടുങ്ങിയ പുലിയെ കണ്ടത്. ഉടൻ തന്നെ വിവരം കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുലിക്ക് മയക്കുവെടി നൽകി. തുടർന്ന് പുലിയുടെ ആരോഗ്യനില പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചു.

പുലിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. ആരോഗ്യനില തൃപ്തികരമാണെങ്കിൽ വനത്തിലേക്ക് തിരിച്ചയക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വനംവകുപ്പ് തീരുമാനമെടുക്കും.

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. ശ്രീകണ്ഠപുരം ചെങ്ങളായിയിലും പുലിയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാലൂരിലെ കൃഷിയിടത്തിൽ പുലി കെണിയിൽ കുടുങ്ങിയത്.