ലൈഫ് പദ്ധതി തുടരും, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവനപദ്ധതി: വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പുതിയ പദ്ധതിയിലെ ധനസഹായം എത്രയെന്നത് മുഖ്യമന്ത്രി സസ്പെൻസായി നിലനിർത്തിയിരിക്കുകയാണ്.

ലൈഫ് പദ്ധതി തുടരും, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവനപദ്ധതി: വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ലൈഫ് ഭവനപദ്ധതി മുടക്കമില്ലാതെ തുടരുമെന്നും ഭവനരഹിതരില്ലാത്ത സംസ്ഥാനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽനിന്ന് മാറ്റിനിർത്തി അവർക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കായുള്ള 'ഷീ സ്കൂട്ടർ' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഈ പ്രഖ്യാപനം.

യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ ലൈഫ് ഭവനപദ്ധതി നിർത്തലാക്കിയെന്ന പ്രചാരണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. “ലൈഫ് പദ്ധതിക്ക് യാതൊരു കുഴപ്പവുമില്ല, അത് തുടരുക തന്നെ ചെയ്യും. എന്നാൽ മുൻപുണ്ടായിരുന്ന ഭവനനിർമാണ പദ്ധതികൾ വഴി നിർമിച്ചത്ര വീടുകൾ ലൈഫ് പദ്ധതി വന്നതിനു ശേഷം നിർമിക്കപ്പെട്ടിട്ടില്ലെന്നത് സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളിൽനിന്ന് വലിയ പരാതികൾ ലഭിച്ചിരുന്നു. അതിനാലാണ് അവർക്കായുള്ള ഭവനനിർമാണ പദ്ധതി ലൈഫിൽനിന്ന് മാറ്റിയത്. ഇക്കാര്യം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന പ്രത്യേക ഭവനപദ്ധതിയിൽ എത്ര തുക നൽകുമെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അത് 'സസ്‌പെൻസായി കിടക്കട്ടെ' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.