ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയിൽ നിന്ന് പടിയിറങ്ങുന്നു; എറണാകുളം കളക്ടർക്ക് താൽക്കാലിക ചുമതല
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. ഈ മാസം 30-ന് ഔദ്യോഗിക കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ബെഹ്‌റയ്ക്ക് ഇനി കാലാവധി നീട്ടിനൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെ, പുതിയ സ്ഥിരം എംഡിയെ കണ്ടെത്തുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് മെട്രോയുടെ താൽക്കാലിക ചുമതല നൽകും.
2021 ഓഗസ്റ്റിൽ ചുമതലയേറ്റ ബെഹ്‌റയ്ക്ക് ഇടത് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ കാലാവധി നീട്ടിനൽകിയിരുന്നു. കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാക്കുന്നതിലും രണ്ടാം ഘട്ട മെട്രോ പാതയുടെ നിർമാണം വേഗത്തിലാക്കുന്നതിലും നിർണായക പങ്കുവഹിച്ച അദ്ദേഹത്തിന്റെ പിൻഗാമിയെ നിയമിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്.
Comments ()