സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു

ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്നാണ് പുതിയ നിയമനം.

സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു

മലപ്പുറത്ത് ചേർന്ന മുശാവറ യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ഭാരവാഹികളെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിനെ തുടർന്നാണ് പുതിയ നേതൃമാറ്റം. സംഘടനയുടെ പുതിയ ജനറൽ സെക്രട്ടറിയായി മുൻ ട്രഷററായിരുന്ന കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. വി. മൂസക്കോയ മുസ്‌ലിയാർ, എ.വി. അബ്ദുറഹ്‌മാൻ മുസ്‌ലിയാർ എന്നിവർ വൈസ് പ്രസിഡന്റുമാരും, പനങ്കാങ്ങര ഹൈദർ ഫൈസി സെക്രട്ടറിയും, എം.ടി. അബ്ദുള്ള മുസ്‌ലിയാർ പുതിയ ട്രഷററുമാകും.

ഭാരവാഹി തിരഞ്ഞെടുപ്പിനു പുറമെ, സമസ്തയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ലഭിച്ച പരാതികൾ അന്വേഷിക്കുന്നതിനുമായി പ്രത്യേക കൂടിയാലോചന സമിതി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. കൂടാതെ സംഘടനയുടെ ഫത്‌വ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തിനെതിരായ പരാതികളിൽ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രം തീരുമാനമെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്.

പുതിയ നേതൃമാറ്റവും തിരുമാനങ്ങളും സമസ്തയിലെ ലീഗ് അനുകൂല പക്ഷത്തിന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ലീഗ് അനുകൂല വിഭാഗം നിർദേശിച്ചിരുന്നത് എം.ടി. അബ്ദുള്ള മുസ്‌ലിയാരെ ആയിരുന്നു. കൂടാതെ, ഉമർ ഫൈസി മുക്കത്തിനെതിരെ ഉടനടി നടപടിയുണ്ടാകാത്തതും ഇവർക്ക് നിരാശയായി. ഇതിനിടെ, വഖഫ് വിശദീകരണ സമ്മേളനവുമായി മുന്നോട്ടു പോകാനാണ് ലീഗ് അനുകൂല പക്ഷത്തിന്റെ തീരുമാനം.

സമസ്തയുടെ ലക്ഷ്യങ്ങൾക്കായി വിനീതനായി സേവനം ചെയ്യുമെന്ന് നിയമനത്തിന് പിന്നാലെ കൊയ്യോട് ഉമർ മുസ്‌ലിയാർ പ്രതികരിച്ചു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുമായും ഐക്യം പുലർത്തിക്കൊണ്ട് സംഘടനാ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.