റാസ് ലഫാനിലെ വൻ അപകടം; ജീവൻ നഷ്ടമായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ
സ്ഫോടനത്തിൽ മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽ ആകെ 13 ജീവനുകളാണ് നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
ദോഹ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ വാതക വിതരണ സംവിധാനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. അപകടത്തിൽ ആകെ 13 ജീവനുകളാണ് നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ലോകത്തിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക ഉൽപാദന കേന്ദ്രങ്ങളിലൊന്നാണ് ഈ മേഖല.
സംഭവത്തിന് പിന്നാലെ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയ അധികൃതർ വാതക ചോർച്ചയോ മറ്റ് പൊതുജന ഭീഷണികളോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ എംബസി, ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കൊപ്പമാണെന്ന് അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംബസി വ്യക്തമാക്കി.
Comments ()