സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ശനിയാഴ്ച പുലര്‍ച്ചെ ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡില്‍ 1.15-ഓടെയായിരുന്നു അപകടം.

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പില്‍ അബ്ദുന്നാസര്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡില്‍ 1.15-ഓടെയായിരുന്നു അപകടം.

ദമ്മാമിലേക്ക് പോകുന്നതിനിടെ അബ്ദുന്നാസര്‍ ഓടിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അദ്ദേഹം അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. പരേതനായ ബാവയുടെയും കുളങ്ങരകത്ത് ആയിഷയുടെയും മകനാണ്. സുലേഖയാണ് ഭാര്യ.

അപകടസ്ഥലത്ത് ജുബൈല്‍ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു. നിലവില്‍ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കായി കെ.എം.സി.സി നേതാക്കളായ സലാം പഞ്ചാര, നൗഷാദ്, പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴ എന്നിവര്‍ രംഗത്തുണ്ട്.