താമസസ്ഥലത്ത് തീപിടിത്തം; റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
നാല് ദിവസം മുമ്പാണ് ഫസലുദ്ദീൻ താമസിച്ചിരുന്ന മുറിയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം പരിയാപുരം സ്വദേശി വടക്കേക്കര ഫസലുദ്ദീൻ (52) ആണ് റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിൽ മരിച്ചത്.
നാല് ദിവസം മുമ്പാണ് ഫസലുദ്ദീൻ താമസിച്ചിരുന്ന മുറിയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില വഷളായതോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ് ഫസലുദ്ദീൻ. ഭാര്യ ഫസ്ലയും മകൻ മുഹമ്മദ് ഫഹീമുമാണ് കുടുംബാംഗങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ചെയർമാൻ റഫീഖ് ചെറുമുക്ക് എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികൾ നടക്കുന്നത്. ജാഫർ വീമ്പൂർ, അൻസിഫ് പുത്തനങ്ങാടി, നസീർ കണ്ണീരി, മനാഫ് പരിയാപുരം, ഫസലുദ്ദീന്റെ ബന്ധുവായ ഷിയാഫ് എന്നിവരും നടപടികൾക്ക് നേതൃത്വം നൽകുന്നു.
Comments ()