ജിദ്ദയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി നിര്യാതനായി; മരിച്ചത് 30 വർഷമായി പ്രവാസിയായ പെരുവള്ളൂർ സ്വദേശി

കഴിഞ്ഞ 30 വര്‍ഷമായി പ്രവാസിയായ മുഹമ്മദ് റഫീഖ്, ആറുമാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്

ജിദ്ദയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി നിര്യാതനായി; മരിച്ചത് 30 വർഷമായി പ്രവാസിയായ പെരുവള്ളൂർ സ്വദേശി

റിയാദ്: റിയാദില്‍ നിന്നുള്ള വിവരമനുസരിച്ച്, മലപ്പുറം പെരുവള്ളൂര്‍ പറമ്പില്‍ പീടിക കോടശ്ശേരി പൊറ്റ മഹല്ല് സ്വദേശിയായ ചൊക്ലി മുഹമ്മദ് റഫീഖ് (51) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ അന്തരിച്ചു. ജിദ്ദ ഷറഫിയയിലെ അബീര്‍ ക്ലിനിക്കിന് സമീപമുള്ള മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ 30 വര്‍ഷമായി പ്രവാസിയായ മുഹമ്മദ് റഫീഖ്, ആറുമാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. മുന്‍ പ്രവാസി സൈതലവി ചൊക്ലിയുടെയും ആയിഷയുടെയും മകനാണ്. ആമിനയാണ് ഭാര്യ. റഫ്ന, റിഹാന, റിഫാന, റന എന്നിവര്‍ മക്കളും ജുനൈദ്, ബുറൈദയിലുള്ള ഹനീഫ, നുസ്രത് എന്നിവര്‍ സഹോദരങ്ങളുമാണ്. ഹര്‍ഷാദാണ് മരുമകന്‍. നിലവില്‍ ഈസ്റ്റ് ജിദ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.