ചികിത്സയിലിരിക്കെ കാണാതായ തൃശൂർ സ്വദേശിയെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി

ചികിത്സയിലിരിക്കെ റിയാദിലെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി മൂന്ന് മാസത്തോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇഖാമ കാലാവധി കഴിഞ്ഞതിനാലും ജോലിയുമില്ലാത്തതിനാലും നാട്ടിൽ പോകാൻ കഴിയാത്തതിന്‍റെ മാനസിക വിഷമത്തിലായിരുന്നു ഇയാൾ.

ചികിത്സയിലിരിക്കെ കാണാതായ തൃശൂർ സ്വദേശിയെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇറങ്ങിപ്പോയി മാസങ്ങളോളം റിയാദ് ബത്ഹയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസൻ (38) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് റിയാദ് ബത്ഹയിലെ ബഹുനില കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഇയാളെ പൊലീസും റെഡ് ക്രസന്റ് അധികൃതരുമെത്തി മരണം സ്ഥിരീകരിച്ച ശേഷം അർദ്ധരാത്രിയോടെ കിങ് സഊദ് മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി) മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മേയ് 18-ന് അബോധാവസ്ഥയിലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ടിൻസനെ, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നെങ്കിലും പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുൻപ് തന്നെ ഇയാൾ അവിടെനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സൗദിയിലെത്തി അഞ്ചുവർഷമായ ടിൻസൻ രണ്ടു വർഷം മുൻപ് വരെ റിയാദ് എക്സിറ്റ് 17-ലെ ഒരു ടയർ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാലും ജോലിയും പണവുമില്ലാതെ നാട്ടിൽ പോകാൻ കഴിയാത്തതിനാലും കടുത്ത മാനസിക വിഷമത്തിലായിരുന്ന ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ, ആശുപത്രിയിൽ നിന്ന് കാണാതായ ടിൻസനെ സാമൂഹികപ്രവർത്തകർ അന്വേഷിച്ച് കണ്ടെത്തുകയും നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. വീട്ടുകാരും ഇയാളുടെ മടങ്ങിവരവിനായി കാത്തിരിക്കെയാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.