യുക്രെയ്‌നിലെ കപ്പൽ ആക്രമണം: ആഗ്രഹങ്ങൾ ബാക്കിയാക്കി അഖിൻ യാത്രയായി; വിങ്ങിപ്പൊട്ടി നാട്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആഖില്‍ ഉള്‍പ്പടെ 11 പോരാണ് യുക്രെയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്

യുക്രെയ്‌നിലെ കപ്പൽ ആക്രമണം: ആഗ്രഹങ്ങൾ ബാക്കിയാക്കി അഖിൻ യാത്രയായി; വിങ്ങിപ്പൊട്ടി നാട്

കാസർകോട്: യുക്രെയ്ൻ തീരത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിൻ ജോയന്റെ (25) മരണവാർത്തയുടെ നടുക്കത്തിലാണ് വെള്ളരിക്കുണ്ടിലെ കുടുംബവും നാട്ടുകാരും. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഖിൻ അവസാനമായി നാട്ടിലെത്തിയത് സ്വന്തം വിവാഹനിശ്ചയത്തിനായിരുന്നു. ഏപ്രിലിൽ നടക്കാനിരുന്ന വിവാഹത്തിന്റെ സന്തോഷത്തിലേക്ക് കടക്കാനിരിക്കെയാണ് ഈ ദുരന്ത വാർത്ത കുടുംബത്തെ തേടിയെത്തുന്നത്.

യുക്രെയ്നിലെ ഒഡേസ തീരത്ത് നങ്കൂരമിട്ടിരുന്ന ‘ഗോൾഡൻ ലിയോ’ എന്ന ചരക്ക് കപ്പലിന് നേരെയായിരുന്നു റഷ്യൻ ആക്രമണം. മുംബൈ ആസ്ഥാനമായുള്ള ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തിൽ അഖിൻ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ നാലുപേർ ഇന്ത്യക്കാരാണ്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കപ്പൽ കമ്പനി അധികൃതർ അഖിന്റെ പിതാവിനെ വിവരമറിയിക്കുന്നത്. കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായെന്നും അഖിനെ കാണാതായിട്ടുണ്ടെന്നുമായിരുന്നു ആദ്യ വിവരം. തുടർന്ന് മുംബൈയിലെ കമ്പനി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ ഉച്ചയോടെ, കൊല്ലപ്പെട്ടവരിൽ അഖിനും ഉൾപ്പെടുന്നുവെന്ന ദാരുണമായ സ്ഥിരീകരണം കുടുംബത്തിന് ലഭിക്കുകയായിരുന്നു.

അഖിന്റെ ഭൗതികദേഹം എപ്പോൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ജനപ്രതിനിധികളുടെയും എം.പിമാരുടെയും നേതൃത്വത്തിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. ദുരന്ത വാർത്തയറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധിയാളുകളാണ് വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.