റിയാദിൽ മാസങ്ങളോളം അലഞ്ഞുനടന്നു; ഒടുവിൽ കെട്ടിടവരാന്തയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഇക്കഴിഞ്ഞ മേയ് 18നാണ് ടിൻസെന്റിനെ അബോധാവസ്ഥയിൽ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് പിന്നീട് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു.

റിയാദിൽ മാസങ്ങളോളം അലഞ്ഞുനടന്നു; ഒടുവിൽ കെട്ടിടവരാന്തയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: മാസങ്ങളോളം റിയാദ് നഗരത്തിൽ അലഞ്ഞുതിരിഞ്ഞതിന് പിന്നാലെ കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരി പാലക്കൽ സ്വദേശിയായ ടിൻസെന്റ് തോമസ് (38) ആണ് മരിച്ചത്. സൗദിയിലെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.

കഴിഞ്ഞ മാസം 22ന് വൈകിട്ടാണ് റിയാദ് ബത്ഹയിലെ ബഹുനില കെട്ടിടത്തിന്റെ വരാന്തയിൽ ടിൻസെന്റിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

ഇക്കഴിഞ്ഞ മേയ് 18നാണ് ടിൻസെന്റിനെ അബോധാവസ്ഥയിൽ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് പിന്നീട് ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു.

എന്നാൽ പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുമ്പ് ടിൻസെന്റ് ആശുപത്രിയിൽനിന്ന് പുറത്തുപോയി. പിന്നീട് സാമൂഹികപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ കണ്ടെത്തുകയും നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ ടിൻസെന്റിന്റെ ഭാഗത്തുനിന്നുള്ള സഹകരണക്കുറവ് കാരണം ആ ശ്രമങ്ങൾ വിജയിച്ചില്ല.

തുടർന്നുള്ള ഏകദേശം മൂന്ന് മാസക്കാലം ബത്ഹയിലും സമീപപ്രദേശങ്ങളിലുമായി കഴിയുകയായിരുന്നു അദ്ദേഹം. ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ടും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ജോലിയും വരുമാനവുമില്ലാത്ത സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിലുള്ള മാനസിക വിഷമം നേരത്തെ സാമൂഹികപ്രവർത്തകരോട് പങ്കുവെച്ചിരുന്നതായും പറയുന്നു.

അഞ്ച് വർഷം മുൻപാണ് ടിൻസെന്റ് സൗദിയിലെത്തിയത്. റിയാദ് എക്സിറ്റ് 17ലെ ടയർ കടയിൽ രണ്ട് വർഷം മുൻപുവരെ ജോലി ചെയ്തിരുന്നു. പിന്നീട് സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ലാത്ത അവസ്ഥയിലായിരുന്നു.

അവിവാഹിതനായ ടിൻസെന്റിന്റെ കുടുംബം നാട്ടിൽ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. മാതാവ് റീന തോമസ്. ടീന ബിജുവാണ് ഏക സഹോദരി.

കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരവും ഔദ്യോഗികവുമായ നടപടികൾ ഏകോപിപ്പിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു.