റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു; സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം
റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.
ദമാം: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ഷൗക്കത്തലി ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ജുബൈൽ–ദമ്മാം ഹൈവേയിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
ജുബൈലിലേക്ക് ജോലിക്കായി യാത്ര ചെയ്യുന്നതിനിടെയാണ് ഷൗക്കത്തലി അപകടത്തിൽപ്പെട്ടത്. റിയാദിൽനിന്ന് ജുബൈലിലേക്ക് വാഹനത്തിൽ വരികയായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ഷൗക്കത്തലി റോഡിൽ ഇറങ്ങി.
റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.
രാവിലെ ഏഴരയോടെ വാഹനത്തിന്റെ ടയർ പഞ്ചറായ വിവരം ഷൗക്കത്തലി സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് അപകടത്തിൽപ്പെട്ടെന്ന വിവരം സുഹൃത്തിന് ലഭിച്ചത്.
ഏകദേശം 20 വർഷമായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു ഷൗക്കത്തലി. സെയിൽസ് മേഖലയിലായിരുന്നു ജോലി.
അപകടത്തെ തുടർന്ന് മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments ()