യാത്രക്കാരെന്ന വ്യാജേന കാറിൽ കയറി, വിജനമായ സ്ഥലത്തെത്തിച്ച് ആക്രമണം: സൗദിയിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

സംഭവത്തിൽ സൗദി പോലീസ് അന്വേഷണം ആരംഭിച്ചു.

യാത്രക്കാരെന്ന വ്യാജേന കാറിൽ കയറി, വിജനമായ സ്ഥലത്തെത്തിച്ച് ആക്രമണം: സൗദിയിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

റിയാദ് ബത്ഹയിൽ യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ നാലംഗ ബംഗ്ലാദേശി സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ കായംകുളം സ്വദേശിയായ മലയാളി ഡ്രൈവർ ഷെമീറിന് ഗുരുതരമായി പരിക്കേറ്റു. എക്സിറ്റ് 18-ന് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ച് ഷെമീറിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം പണവും വാഹനവും കവർന്ന് കവർച്ച സംഘം ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസാണ് തലയ്ക്കും താടിയെല്ലിനും കാലിനും അടക്കം ശരീരമാസകലം ഗുരുതര പരിക്കേറ്റ ഷെമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ബത്ഹയിൽ നിന്ന് കണ്ടെത്തിയ വാഹനം നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വെൽഫെയർ വിഭാഗം ഭാരവാഹികളായ നിസാർ അഞ്ചൽ, മുബഷിർ സഖാഫി, ഹനീഫ മാസ്റ്റർ, സാബു സിദ്ദീഖ് എന്നിവർ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകി.

സ്‌പോൺസറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി തുടർന്നുള്ള ചികിത്സയ്ക്കായി ഷെമീറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇദ്ദേഹത്തിനുള്ള വിമാന ടിക്കറ്റ് നൽകുമെന്നും ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ സൗദി പോലീസിന്റെ അന്വേഷണം ഊർജ്ജിതമായി നടന്നുവരികയാണ്.