സൗദിയിൽ വാഹനാപകടം: മലയാളി ഡ്രൈവർക്ക് ദാരുണാന്ത്യം

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.

സൗദിയിൽ വാഹനാപകടം: മലയാളി ഡ്രൈവർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. റിയാദ്-ദമ്മാം ഹൈവേയിലെ റുമാഹ് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ പത്തനംതിട്ട റാന്നി പൂഭരണിയില്‍ രാജേഷ് കുമാര്‍ (42) ആണ് മരിച്ചത്. റിയാദില്‍ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

റിയാദില്‍ നിന്ന് അല്‍ അഹ്‌സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാഹനത്തിലുണ്ടായിരുന്ന രാജേഷിനെ കമ്പനി അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനം പരിശോധിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം അറിയുന്നത്.

മണിയന്‍ നായരുടെയും മണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപ. പ്രണവ്, പൗര്‍ണമി എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ക്കായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഭാരവാഹികളായ ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, സമദ് നിലമ്പൂര്‍, കമ്പനി പ്രതിനിധി മുനീര്‍ നിലമ്പൂര്‍, ബന്ധു രാജേഷ് എന്നിവര്‍ രംഗത്തുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.