മികച്ച പ്രകടനത്തിന് ഐഫോൺ 18; ജീവനക്കാരെ ചേർത്തുപിടിച്ച് ദുബായിലെ മലയാളി ദമ്പതികൾ
വേൾഡ് സ്റ്റാർ ഹോൾഡിംഗ് കമ്പനി ചെയർമാനാണ് നിഷാദ്, മാനേജിംഗ് ഡയറക്ടറാണ് ഹസീന നിഷാദ്
ജീവനക്കാരാണ് 'കമ്പനിയുടെ ശക്തി' എന്ന വാഗ്ദാനം വെറും ഭംഗിവാക്കല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ദുബായിലെ മലയാളി ദമ്പതികളായ നിഷാദ് ഹുസൈനും ഹസീന നിഷാദും. 'വേൾഡ് സ്റ്റാർ ഹോൾഡിംഗ്' കമ്പനിയുടെ ചെയർമാനായ നിഷാദും മാനേജിംഗ് ഡയറക്ടറായ ഹസീനയും, മികച്ച പ്രകടനം കാഴ്ചവെച്ച 12 ജീവനക്കാർക്ക് പുതിയ ഐഫോൺ 18 സമ്മാനമായി നൽകിയാണ് ശ്രദ്ധനേടിയത്. ഹസീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സമ്മാനദാന വീഡിയോ വൈറലായതോടെയാണ് സംഭവം വലിയ തോതിൽ ചർച്ചയായത്. സമ്മാനപ്പൊതികളിൽ ചിലതിൽ വലിയ ചോക്ലേറ്റ് ബാറുകളും മറ്റു ചിലതിൽ ഐഫോൺ 18-നുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ചെറിയ തമാശയുടെ ഭാഗമായാണ് ചോക്ലേറ്റുകൾ നൽകിയതെന്നും, അത് ജീവനക്കാർ സന്തോഷത്തോടെ സ്വീകരിച്ച ശേഷം ഐഫോണുകൾ കൈമാറിയപ്പോൾ അവരുടെ മുഖത്തുണ്ടായ ആശ്ചര്യം തങ്ങൾക്ക് വലിയ സന്തോഷം നൽകിയെന്നും ഹസീന പങ്കുവെച്ചു.
ജീവനക്കാരാണ് കമ്പനിയുടെ വളർച്ചയുടെ യഥാർത്ഥ അടിത്തറയെന്നും, തുടക്കം മുതൽ അവരുടെ ക്ഷേമത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. ജീവനക്കാരെ നന്നായി പരിചരിച്ചാൽ കമ്പനി സ്വാഭാവികമായും വളരുമെന്ന നിലപാടാണ് ഈ ദമ്പതികൾക്കുള്ളത്. ജീവനക്കാരെ ചേർത്തുപിടിക്കുന്ന ഈ രീതി കാരണം കമ്പനിയിൽ നിന്നുള്ള രാജി നിരക്ക് വളരെ കുറവാണ്. സ്ഥാപനം ആരംഭിച്ച കാലം മുതൽ കൂടെയുള്ളവരും, ഭൂരിഭാഗം പേരും അഞ്ചിലധികം വർഷങ്ങളായി ഇവിടെത്തന്നെ ജോലി ചെയ്യുന്നവരുമാണ് കമ്പനിയുടെ പ്രധാന കരുത്ത്.
ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേൾഡ് സ്റ്റാർ ഹോൾഡിംഗ് മുൻപും ഇത്തരം വ്യത്യസ്തമായ വഴികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും മികച്ച ജീവനക്കാർക്ക് ഐഫോണുകൾ സമ്മാനിച്ചിരുന്നു. കൂടാതെ, 2024-ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ 16 തൊഴിലാളികൾക്കായി ഫൈവ് സ്റ്റാർ ഹോട്ടൽ താമസം, യാച്ച് പാർട്ടി, ഡ്രൈവർ സഹിതമുള്ള കാർ യാത്ര എന്നിവയും, 2023-ൽ പ്രത്യേക സിനിമാ പ്രദർശനവും ഇവർ ഒരുക്കിയിരുന്നു. ജീവനക്കാരുടെ കായികക്ഷമതയ്ക്കും വലിയ പ്രാധാന്യം നൽകുന്ന കമ്പനി, ഓരോ വർഷവും ജീവനക്കാരെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും പരിശീലനത്തിനായി പ്രതിമാസ ബജറ്റ് അനുവദിക്കുകയും ചെയ്യുന്നുണ്ട്. 2008-ൽ നിഷാദ് ഹുസൈൻ ആരംഭിച്ച വേൾഡ് സ്റ്റാർ ഹോൾഡിംഗിലേക്ക് വിവാഹശേഷമാണ് ഹസീന കടന്നുവരുന്നതും പിന്നീട് മാനേജിംഗ് ഡയറക്ടർ പദവി ഏറ്റെടുക്കുന്നതും. വർഷങ്ങളുടെ കഠിനാധ്വാനവും ജീവനക്കാരുടെ പങ്കാളിത്തവുമാണ് കമ്പനിയെ ഇന്നത്തെ വിജയത്തിലെത്തിച്ചത്.
Comments ()