ഉച്ചവിശ്രമത്തിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി മുറിയിൽ കിടന്ന ഷമീറിനെ വൈകീട്ടോടെ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം ആലുവ കൊമ്പറ നോച്ചിമ തയ്യിൽ വീട്ടിൽ പരേതരായ ലത്തീഫിന്റെയും മറിയുമ്മയുടെയും മകൻ ഷമീർ (36) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി മുറിയിൽ കിടന്ന ഷമീറിനെ വൈകീട്ടോടെ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ റെഡ് ക്രസന്റിനെ വിവരമറിയിക്കുകയും സംഘം സ്ഥലത്തെത്തി അടിയന്തര പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദ് കിങ് ഫൈസൽ ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ മുർഷിദയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് എറണാകുളം കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഉസ്മാൻ പരീത്, സമീർ ആലുവ, സുഹൃത്ത് സുൽഫി എന്നിവർ ഏകോപിപ്പിച്ചുവരികയാണ്.
Comments ()