റിയാദ്-ദമ്മാം ഹൈവേയിൽ ദാരുണ അപകടം: ആലപ്പുഴ സ്വദേശിയായ മലയാളിയും ഫിലിപ്പീൻസ് പൗരനും മരിച്ചു
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ മലയാളി യുവാവും ഫിലിപ്പീൻസ് പൗരനും മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ എ.സി. പള്ളിക്ക് കിഴക്ക് അൻസില മൻസിലിൽ (വട്ടത്തറ പടീറ്റതിൽ) അഷ്റഫ്-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ അൻസർ (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ 'പ്രിമ ഇവന്റ് മാനേജ്മെന്റ്' കമ്പനി ജീവനക്കാരനായിരുന്നു അൻസർ.
ദമ്മാമിൽനിന്ന് റിയാദിലേക്ക് ജോലിയാവശ്യാർഥം സുഡാൻ പൗരൻ ഓടിച്ചിരുന്ന പിക്കപ്പ് വാനിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിലേക്ക് ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ അൻസർ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഫിലിപ്പീൻസ് സ്വദേശിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബംഗ്ലാദേശ് സ്വദേശി ഉൾപ്പെടെ ഒപ്പമുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് അൻസർ പ്രവാസലോകത്തേക്ക് തിരികെ എത്തിയത്. റിസാനയാണ് ഭാര്യ. അയാൻ, അദ്നാൻ എന്നിവരാണ് മക്കൾ. രണ്ടാമത്തെ കുട്ടി ജനിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.
നിലവിൽ റിയാദ് കിങ് സഊദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് ആലപ്പുഴ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷാജി ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അൻസറിന്റെ ബന്ധു മാഹീൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
Comments ()