വിമാനത്തിൽ വാതിൽ തുറക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി കോടതിയിലും അക്രമാസക്തനായി; ജാമ്യപേപ്പർ കീറിയെറിഞ്ഞു
ഇയാളെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു.
കൊച്ചി: ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച പാലക്കാട് സ്വദേശി ജംഷീര്‍ മജിസ്ട്രേറ്റിനു മുന്നിലും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വിമാനത്തില്‍ അക്രമം കാട്ടിയ ഇയാളെ സഹയാത്രികരും ക്യാബിന്‍ ക്രൂവും ചേര്‍ന്ന് തടഞ്ഞുവെച്ച് നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ ജാമ്യ പേപ്പറുകള്‍ വലിച്ചുകീറിയെറിഞ്ഞു. ഉടന്‍തന്നെ പൊലീസ് ഇടപെട്ട് ഇയാളെ ബലമായി പിടിച്ചുമാറ്റി.
കഴിഞ്ഞ ദിവസം രാത്രി 9.30-നും 11-നും ഇടയിലാണ് വിമാനത്തിന്റെ അടിയന്തര വാതില്‍ ബലമായി തുറക്കാന്‍ ജംഷീര്‍ ശ്രമിച്ചത്. യാത്രക്കാര്‍ പകര്‍ത്തിയ ഇയാളുടെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇയാള്‍ക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കുന്നത്.
Comments ()