നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പ് വിഫലമായി; 25 വർഷത്തെ പ്രവാസത്തിനൊടുവിൽ നാസർ ഖാൻ റിയാദിൽ അന്തരിച്ചു
കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ മാന്‍കുന്നില്‍ വീട്ടില്‍ സുലൈമാന്‍ നാസര്‍ ഖാന്‍ (59) ആണ് മരിച്ചത്.
റിയാദ്: നീണ്ട 25 വര്‍ഷത്തെ പ്രവാസജീവിതത്തിന് ഒടുവില്‍ ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കെ കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ മാന്‍കുന്നില്‍ വീട്ടില്‍ സുലൈമാന്‍ നാസര്‍ ഖാന്‍ (59) ആണ് മരിച്ചത്. രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.
റിയാദില്‍ ആദ്യം ഒരു ബഖാല (പലചരക്ക് കട) നടത്തിയിരുന്ന അദ്ദേഹം, അത് നിര്‍ത്തേണ്ടി വന്നതോടെയാണ് താല്‍ക്കാലിക ഒഴിവുകളില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ 10 വര്‍ഷമായി ഇഖാമ (താമസരേഖ) പോലുമില്ലാതെ, നിയമത്തിന്റെ കണ്ണുവെട്ടിച്ച് കടുത്ത ആശങ്കകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവാസജീവിതം.
എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹം ശക്തമായതോടെ, ഏഴു മാസം മുന്‍പാണ് അദ്ദേഹം സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെടുന്നത്. കൈയില്‍ പാസ്പോര്‍ട്ട് പോലുമില്ലാതിരുന്ന നാസറിന് ഒടുവില്‍ ഇന്ത്യന്‍ എംബസി വഴി പുതിയ പാസ്പോര്‍ട്ട് ശരിയാക്കിക്കൊടുത്തു. മൂന്ന് മാസം മുന്‍പ് അദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങള്‍ സജീവമായി പുരോഗമിക്കുന്നതിനിടയിലാണ്, വിധി ക്രൂരമായ മറ്റൊരു വഴിയിലൂടെ നാസറിനെ തേടിയെത്തിയത്.
Comments ()