വിക്രം-1 ദൗത്യത്തിന് പിന്നിൽ മലയാളി കരുത്ത്; സ്കൈറൂട്ട് എൻജിനീയർമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ മലയാളി യുവ എൻജിനീയർമാരുടെ സാന്നിധ്യം കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിക്രം-1 ദൗത്യത്തിന് പിന്നിൽ മലയാളി കരുത്ത്; സ്കൈറൂട്ട് എൻജിനീയർമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയിലെ ശ്രദ്ധേയമായ നേട്ടമായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ ‘വിക്രം-1’ റോക്കറ്റ് ദൗത്യത്തിൽ സാങ്കേതികമായി നിർണായക ചുമതലകൾ വഹിച്ച മലയാളി എൻജിനീയർമാരെ മുഖ്യമന്ത്രി വി ഡി സതീശൻ അഭിനന്ദിച്ചു. സംഘത്തിലെ ഏഴ് അംഗങ്ങൾ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

പത്തനംതിട്ട പറക്കോട് സ്വദേശി നിർമൽ നെൽസൺ, ആലപ്പുഴ വെട്ടിക്കോട് സ്വദേശി അജിത് കുമാർ എസ്., കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനറ്റ് മോനച്ചൻ, കോഴിക്കോട് നടുവണ്ണൂർ സ്വദേശി അജിൻ ഘോഷ് കെ. കെ., കോഴിക്കോട് സ്വദേശി രഞ്ജിത് രവി, കോഴിക്കോട് സ്വദേശിയായ ലിന്റ് സി. തോമസ്, എറണാകുളം സ്വദേശിയായ അഞ്ചലി അശോകൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

വിക്രം-1 വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനങ്ങളുടെ ഏകോപനത്തിൽ നിർമൽ നെൽസൺ പങ്കാളിയായി. ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജിന്റെ രൂപകൽപ്പനയിലായിരുന്നു അജിത് കുമാർ എസ്.യുടെ ചുമതല. ഫ്ലൂയിഡ് കൺട്രോൾ സിസ്റ്റത്തിന്റെ ഡിസൈനും പരിശോധനയും ഡോ. ബിനറ്റ് മോനച്ചൻ നിർവഹിച്ചു. പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ രൂപകൽപ്പനയിൽ അജിൻ ഘോഷ് കെ. കെ.യും പങ്കാളിയായി.

ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി വിഭാഗത്തിൽ ലിന്റ് സി. തോമസും അഞ്ചലി അശോകനും പ്രവർത്തിച്ചു. റോക്കറ്റിന്റെ നിർമാണം മുതൽ ഗുണനിലവാര പരിശോധനയും സാങ്കേതിക നിയന്ത്രണവും വരെയുള്ള വിവിധ മേഖലകളിൽ മലയാളി എൻജിനീയർമാർ വഹിച്ച പങ്ക് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ മലയാളി യുവ എൻജിനീയർമാരുടെ സാന്നിധ്യം കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കിടെ സംഘം മുഖ്യമന്ത്രിക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്പേസ് പേനയും ശുഭാൻശു ശുക്ലയുടെ ‘ദ സെക്കൻഡ് ഓർബിറ്റ്’ എന്ന പുസ്തകവും സമ്മാനിച്ചു. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശ സാഹചര്യത്തിലും എഴുതാൻ സാധിക്കുന്ന തരത്തിലാണ് സ്പേസ് പേന രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൈശാഖ് വി, രംഷീജ് എം, അനന്തകൃഷ്ണൻ, വിഷ്ണു എം. കെ., ശ്രീനാഥ് എസ്., രാഹുൽ രമേഷ്, അലക്സിസ് ജെ. നീരയ്ക്കൽ എന്നിവരാണ് സംഘത്തിലെ മറ്റ് മലയാളി അംഗങ്ങൾ.