യുഎഇ നിരത്തുകളിലേക്ക് 10,000 ഡ്രൈവറില്ലാ വാഹനങ്ങൾ; സ്മാർട്ട് ഗതാഗതത്തിലേക്ക് ചുവടുവെച്ച് യുഎഇ

ലോകത്തിലെ ഏറ്റവും വലിയ സ്വയം നിയന്ത്രിത ടാക്സികളും വാനുകളും വിന്യസിക്കുന്ന രാജ്യമായി യുഎഇ മാറും

യുഎഇ നിരത്തുകളിലേക്ക് 10,000 ഡ്രൈവറില്ലാ വാഹനങ്ങൾ; സ്മാർട്ട് ഗതാഗതത്തിലേക്ക് ചുവടുവെച്ച് യുഎഇ

ഗതാഗത മേഖലയെ കൂടുതൽ സ്മാർട്ടും സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനായി അടുത്ത വർഷത്തോടെ 10,000-ത്തിലധികം ഡ്രൈവറില്ലാ ടാക്സികളും ഡെലിവറി വാനുകളും നിരത്തിലിറക്കാൻ യുഎഇ പദ്ധതിയിടുന്നു. അബുദാബിയിൽ നടന്ന 'AI Everything Abu Dhabi' സമ്മേളനത്തിൽ യുഎഇ അഡ്വാൻസ്ഡ് ടെക്‌‌നോളജി റിസർച്ച് കൗൺസിൽ (ATRC) സെക്രട്ടറി ജനറൽ ഫൈസൽ അൽ ബന്നായിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

നിലവിൽ അബുദാബിയിലെ യാസ് ദ്വീപ്, ദുബായിലെ ഉം സുഖൈം, ജുമൈറ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ലെവൽ 4 സ്വയം നിയന്ത്രിത (Autonomous) വാഹന സംവിധാനം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് രാജ്യവ്യാപകമായി വികസിപ്പിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ചൈനയ്ക്ക് പുറത്ത് ലോകത്തേറ്റവും വലിയ ഡ്രൈവറില്ലാ വാഹന ശൃംഖലയുള്ള രാജ്യമായി യുഎഇ മാറും. ഗതാഗത വിപ്ലവത്തിന് പുറമെ റോബോട്ടിക്സ് മേഖലയിലും വൻ മുന്നേറ്റം ലക്ഷ്യമിടുന്ന രാജ്യത്ത്, അടുത്ത വർഷത്തോടെ നിരീക്ഷണം, പരിശോധന, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സേവനങ്ങൾക്കായി ആയിരക്കണക്കിന് റോബോട്ടുകളെയും വിന്യസിക്കും.