ഇനി നമ്പർ മാത്രമല്ല, വിളിക്കുന്നയാളുടെ പേരും കാണാം; നവംബർ ഒന്ന് മുതൽ ‘Caller ID’ നിർബന്ധം, നിർദേശം നൽകി ടെലികോം വകുപ്പ്

ഈ സംവിധാനം നിലവിൽ വരുന്നതോടെ നിങ്ങളുടെ ഫോണിൽ ആര് വിളിച്ചാലും ആ നമ്പറിന്റെ ഉടമയുടെ പേര് സ്ക്രീനിൽ കാണാനാവും.

ഇനി നമ്പർ മാത്രമല്ല, വിളിക്കുന്നയാളുടെ പേരും കാണാം; നവംബർ ഒന്ന് മുതൽ ‘Caller ID’ നിർബന്ധം, നിർദേശം നൽകി ടെലികോം വകുപ്പ്

ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് വിളിക്കുന്നവരുടെ പേരും നമ്പറും തിരിച്ചറിയാൻ സഹായിക്കുന്ന ഔദ്യോഗിക കോളർ ഐഡി സംവിധാനം നവംബർ ഒന്ന് മുതൽ നടപ്പാക്കാൻ ടെലികോം വകുപ്പ് നിർദേശം നൽകി. കോളിങ് നെയിം പ്രസന്റേഷൻ (CNAP) എന്ന സംവിധാനത്തിലൂടെ ടെലികോം കമ്പനികളുടെ ഔദ്യോഗിക വിവരശേഖരത്തിലുള്ള പേരായിരിക്കും ഫോണിൽ പ്രദർശിപ്പിക്കുക. വ്യാജ കോളുകളും ഫോൺ തട്ടിപ്പുകളും തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യം.

4ജി, 5ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ക്രമീകരണങ്ങളില്ലാതെ സേവനം ലഭ്യമാക്കാനാണ് പദ്ധതി. വിളിക്കുന്നയാളുടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിലും പേര് സ്ക്രീനിൽ തെളിയും. എന്നാൽ നമ്പർ കോൺടാക്ട് ലിസ്റ്റിൽ നേരത്തേ സേവ് ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താവ് നൽകിയ പേരായിരിക്കും പ്രദർശിപ്പിക്കുക.

കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഔദ്യോഗിക പേരിൽ കോളുകൾ പ്രദർശിപ്പിക്കാനുള്ള സൗകര്യവും സംവിധാനത്തിലുണ്ടാകും. ഇതിനായി രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്ക് അല്ലെങ്കിൽ ജിഎസ്ടി അംഗീകൃത വ്യാപാരനാമം ഉൾപ്പെടെയുള്ള രേഖകൾ ആവശ്യമാണ്. ടെലികോം സേവനദാതാക്കൾ രേഖകൾ പരിശോധിച്ചശേഷമായിരിക്കും പേര് അംഗീകരിക്കുക.

അന്താരാഷ്ട്ര കോളുകൾക്ക് ‘International Call’ എന്ന അറിയിപ്പ് മാത്രമായിരിക്കും ലഭിക്കുക. നമ്പർ മറച്ചുവെക്കുന്നതിനുള്ള CLIR സൗകര്യം ഉപയോഗിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കില്ല. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ 2ജി, 3ജി നെറ്റ്‌വർക്കുകളിലും ലാൻഡ്‌ലൈൻ ഫോണുകളിലും സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. പുതിയ സംവിധാനത്തിലൂടെ വിളിക്കുന്നയാളെ തിരിച്ചറിയാനുള്ള സൗകര്യം മെച്ചപ്പെടുമെന്നും തട്ടിപ്പുകോളുകൾക്കെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ കഴിയുമെന്നുമാണ് പ്രതീക്ഷ.