ചതിക്കുഴിയിലാക്കിയത് കൂടെ താമസിച്ചവർ; ഒടുവിൽ ശാസ്ത്രീയ പരിശോധനയിൽ നിരപരാധിത്വം തെളിഞ്ഞു, മലയാളി യുവതിക്ക് മോചനം!

മുറിയിലുണ്ടായിരുന്നവർ ലഹരി വിൽപനക്കാരാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു

ചതിക്കുഴിയിലാക്കിയത് കൂടെ താമസിച്ചവർ; ഒടുവിൽ ശാസ്ത്രീയ പരിശോധനയിൽ നിരപരാധിത്വം തെളിഞ്ഞു, മലയാളി യുവതിക്ക് മോചനം!

ദുബായ്: കൂടെ താമസിച്ചിരുന്നവര്‍ ലഹരിക്കച്ചവടം നടത്തിയതിനെത്തുടര്‍ന്ന് ദുബായിയില്‍ ജയിലിലായ മലയാളി യുവതി ഒടുവില്‍ മോചിതയായി. സാമൂഹിക പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെട്ട ഇടുക്കി സ്വദേശിനി ഇന്ന് നാട്ടിലേക്ക് മടങ്ങി.

മെസ്സ് ജീവനക്കാരിയായിരുന്നു വിനീത. എട്ടു മാസം മുമ്പാണ് അവിചാരിതമായി പോലീസിന്റെ പിടിയിലാകുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ലഹരിസംഘം ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് വിനീതയും പിടിയിലാകുന്നത്. എന്നാല്‍, കൂടെയുള്ളവര്‍ ലഹരി കച്ചവടക്കാരാണെന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ വിനീത ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും തെളിഞ്ഞതോടെയാണ് ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്.

കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലാണ് നിയമകുരുക്കുകള്‍ മറികടന്ന് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കിയത്. നാലുവര്‍ഷം മുമ്പ് ഹോട്ടല്‍ ജോലിക്കായി ദുബായിയില്‍ എത്തിയ വിനീതക്ക് വാഗ്ദാനം ചെയ്ത ജോലികിട്ടിയിരുന്നില്ല. സന്ദര്‍ശക വിസയില്‍ റെസ്റ്റോറന്റുകളിലും മെസിലുമൊക്കെ ജോലി ചെയ്യുന്നതിനിടെയാണ് കേസില്‍ കുടുങ്ങിയത്. ഇതിനിടെ വിസയുടേയും, പാസ്‌പോര്‍ട്ടിന്റെയും കാലാവധിയും പിന്നിട്ടു. പിഴകള്‍ അടച്ച് തീര്‍ത്ത് കുടുംബാംഗങ്ങള്‍ക്കുള്ള സമ്മാനങ്ങളും വാങ്ങി നല്‍കിയാണ് സാമൂഹിക പ്രവര്‍ത്തകര്‍ വിനീത കുമാരിയെ വിമാനത്താവളത്തില്‍ യാത്രയാക്കിയത്.