ശൈഖ് മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗം; രാജകൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ച് മമ്മൂട്ടി

നേരത്തെ സൗഹൃദബന്ധം പുലർത്തുന്ന ശൈഖ് അബ്ദുല്ലയോട് സഹോദരന്റെ വിയോഗത്തിൽ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു

ശൈഖ് മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗം; രാജകൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ച് മമ്മൂട്ടി

ഷാർജ: അന്തരിച്ച ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഷാർജയിലെ രാജകൊട്ടാരത്തിലെത്തിയാണ് മമ്മൂട്ടി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.

രാജകൊട്ടാരത്തിൽ ഏകദേശം 20 മിനിറ്റോളം ചെലവഴിച്ച മമ്മൂട്ടി ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ സൗഹൃദബന്ധം പുലർത്തുന്ന ശൈഖ് അബ്ദുല്ലയോട് സഹോദരന്റെ വിയോഗത്തിൽ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ഷാർജ റൂളേഴ്‌സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസ്മി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസ്മി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി സന്ദർശിച്ചു. ആന്റോ ജോസഫ്, വി.ടി. സലീം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായാണ് മമ്മൂട്ടി യുഎഇയിലെത്തിയത്. ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തെ തുടർന്ന് ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.