ഭാര്യയോട് സംസാരിച്ചതിന് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ മണൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി നാട്ടുകാർ
ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മിൽ സംസാരിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്നാണു അറിയുന്നത്.
തിരുവനന്തപുരം: ഭാര്യയോട് സംസാരിച്ചതിലുള്ള വിരോധത്തിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ സാഹസികമായി കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. വെട്ടുകാട് സ്വദേശിയായ ജോസ് അലോഷ്യസാണ് അയൽവാസി ഗോഡ്ഫ്രിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രി വെട്ടുകാട് പള്ളിയോട് ചേർന്നുള്ള കടൽത്തീരത്തായിരുന്നു സംഭവം.
ഗോഡ്ഫ്രിയും തന്റെ ഭാര്യയും തമ്മിൽ സംസാരിച്ചതിലുള്ള പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. തീരത്ത് നിൽക്കുകയായിരുന്ന ഗോഡ്ഫ്രിയെ ലക്ഷ്യമാക്കി വെട്ടുകത്തിയുമായി പാഞ്ഞെത്തിയ ജോസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിച്ചെന്ന് വെട്ടാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ചെന്ന സ്വന്തം ഭാര്യയെയും ജോസ് ആക്രമിച്ചു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ, അക്രമിക്ക് നേരെ മണൽ വാരിയെറിഞ്ഞാണ് ഗോഡ്ഫ്രിയെ രക്ഷിച്ചത്. കണ്ണിൽ മണൽ വീണ് കാഴ്ച മങ്ങിയതോടെ ജോസിനെ നാട്ടുകാർ ചേർന്ന് കീഴ്പ്പെടുത്തുകയും തുടർന്ന് പൊലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വധശ്രമത്തിന് കേസെടുത്ത പൊലീസ്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments ()