യുഎഇ പൊലീസെന്ന വ്യാജേന വിദേശ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശി അറസ്റ്റിൽ
വ്യാജ ഓഫര്‍ ലെറ്ററും യുഎഇ സര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജേന വര്‍ക്ക് പെര്‍മിറ്റും വിമാന ടിക്കറ്റും വാട്ട്സ്ആപ്പ് വഴി അയച്ചുനല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട് സ്വദേശിയായ 58-കാരന്‍ പിടിയിലായി. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം അഴകന്‍കണ്ടത്തില്‍ അയ്യൂബിനെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഓഫര്‍ ലെറ്റര്‍, വര്‍ക്ക് പെര്‍മിറ്റ്, വിമാന ടിക്കറ്റ് എന്നിവ നല്‍കി 1,22,600 രൂപയാണ് ഇയാള്‍ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്.
പാലക്കാട് സ്വദേശിയായ പരാതിക്കാരനുമായി മെയ് മുതല്‍ ജൂലൈ വരെയുള്ള രണ്ടുമാസത്തോളം വാട്സ്ആപ്പ് മുഖേന സംസാരിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. വാട്ട്സ്ആപ്പ് പ്രൊഫൈലില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വ്യാജ ചിത്രം ഉപയോഗിച്ച ഇയാള്‍, യുഎഇയില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ ഓഫര്‍ ലെറ്ററും, യുഎഇ സര്‍ക്കാര്‍ നല്‍കിയതെന്ന വ്യാജേന വര്‍ക്ക് പെര്‍മിറ്റും വിമാന ടിക്കറ്റും വാട്ട്സ്ആപ്പ് വഴി അയച്ചു നല്‍കി. വിസ നടപടിക്രമങ്ങള്‍ക്കെന്ന പേരിലാണ് പരാതിക്കാരനില്‍ നിന്ന് പലതവണയായി പണം വാങ്ങിയത്.
തട്ടിപ്പിന് ശേഷം പാലക്കാട് ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഡിജിറ്റല്‍ തെളിവുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. പരാതിക്കാരനില്‍ നിന്ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും അത് ചെലവഴിക്കുകയും ചെയ്തതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. മുന്‍പും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന തട്ടിപ്പുകളില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()