'ലഹരി വിരുദ്ധ' സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി പിടിയിൽ; വലയിലാക്കിയത് 'തൂഫാൻ' പരിശോധനയിൽ!
'ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ്' എന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യനെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: നാട്ടില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നിന്നിരുന്നയാള്‍ ഒടുവില്‍ മയക്കുമരുന്നുമായി പോലീസിന്റെ വലയിലായി. 'ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ്' എന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യനെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ. ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാന്‍ പോലീസ് നടത്തിവരുന്ന ശക്തമായ നടപടിയായ 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായാണ് ഈ അറസ്റ്റ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പെട്ടി പൊലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതി വലയിലായത്.
പ്രതിയില്‍ നിന്നും 1.5 ഗ്രാം എം.ഡി.എം.എയും ഇത് ഉപയോഗിക്കാന്‍ വച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും പെരുമ്പെട്ടി പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. പുസ്തകങ്ങള്‍ക്കിടയില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Comments ()