മാവേലിക്കരയിൽ ബൈക്ക് അപകടം; ഐടിഐ വിദ്യാർത്ഥി മരിച്ചു
വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥി തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ ശാന്തകുമാറിന്റെയും രാജിയുടെയും മകൻ എസ് ആദർശ് കുമാർ (കിച്ചു - 21) ആണ് മരിച്ചത്.
മാവേലിക്കര: സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിയും തെക്കേക്കര പല്ലാരിമംഗലം 'സൗപർണിക'യിൽ ശാന്തകുമാറിന്റെയും രാജിയുടെയും മകനുമായ എസ്. ആദർശ് കുമാർ (കിച്ചു - 21) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.45-ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡിലെ കൊച്ചുപറമ്പിൽ ജംഗ്ഷനിലായിരുന്നു അപകടം. സുഹൃത്ത് ആദിദേവിനൊപ്പം ബൈക്കിൽ ഐടിഐയിലേക്ക് പോകുകയായിരുന്നു ആദർശ്. ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ബൈക്ക് തട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഇടതുവശത്തേക്ക് ചരിഞ്ഞ ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയും ഇരുവരും ഓടയുടെ സ്ലാബിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെയും ഒപ്പമുണ്ടായിരുന്ന ആദിദേവിനെയും ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആദർശിനെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ആദിദേവ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രികരായ താമരക്കുളം സ്വദേശി മനോജും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Comments ()