സന്തോഷനിമിഷങ്ങൾക്ക് പിന്നാലെ ദുരന്തം; മകളുടെ വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു
ഹൈദരാബാദ് മുര്‍ഷിദാബാദ് റാംനഗര്‍ സ്വദേശിയായ സിയാഹുല്‍ ഹുസൈന്‍ (57) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ ഉബൈദ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയി മടങ്ങിയെത്തി രണ്ടു മാസം തികയും മുന്‍പേ ഇന്ത്യന്‍ പ്രവാസി റിയാദില്‍ നിര്യാതനായി. ഹൈദരാബാദ് മുര്‍ഷിദാബാദ് റാംനഗര്‍ സ്വദേശിയായ സിയാഹുല്‍ ഹുസൈന്‍ (57) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ ഉബൈദ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി റിയാദിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയില്‍ വെയര്‍ഹൗസ് ജീവനക്കാരനായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് വെച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ അടിയന്തര പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബത്തിലെ വലിയൊരു സന്തോഷത്തിനു ശേഷം മടങ്ങിയെത്തിയ ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകര്‍ക്കും പ്രവാസി സുഹൃത്തുക്കള്‍ക്കും വന്‍ നടുക്കമായി. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് പരേതന്റെ കുടുംബം. മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതാക്കളായ റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട്, ഇസ്ഹാഖ് താനൂര്‍, അബ്ദുറഹ്‌മാന്‍ ചേലമ്പ്ര, ഷറഫു തേഞ്ഞിപ്പലം, വലീദ് ഖാന്‍ മമ്പാട് എന്നിവരാണ് കമ്പനി അധികൃതര്‍ക്കൊപ്പം നടപടികള്‍ ഏകോപിപ്പിക്കുന്നത്.
Comments ()