രേഖകളില്ലാതെ മൂന്നര പതിറ്റാണ്ട് കുവൈറ്റിൽ ഒറ്റപ്പെട്ടു; മലയാളിക്ക് ഒടുവിൽ പ്രവാസ മണ്ണിൽ അന്ത്യവിശ്രമം

കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മല്‍ (65) ആണ് കുവൈറ്റില്‍ അന്തരിച്ചത്.

രേഖകളില്ലാതെ മൂന്നര പതിറ്റാണ്ട് കുവൈറ്റിൽ ഒറ്റപ്പെട്ടു; മലയാളിക്ക് ഒടുവിൽ പ്രവാസ മണ്ണിൽ അന്ത്യവിശ്രമം

കുവൈറ്റ്: ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ മൂന്നര പതിറ്റാണ്ടിലേറെക്കാലം പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോയ മലയാളിക്ക് ഒടുവില്‍ കുവൈറ്റ് മണ്ണില്‍ അന്ത്യവിശ്രമം. കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മല്‍ (65) ആണ് കുവൈറ്റില്‍ അന്തരിച്ചത്. 1990-ല്‍ ജോലിതേടി കുവൈറ്റിലെത്തിയ ഹമീദിന്, പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല.

1999-ന് ശേഷം റെസിഡന്‍സി രേഖകള്‍ (ഇഖാമ) പുതുക്കാന്‍ കഴിയാതിരുന്നതോടെ ഇദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. നീണ്ട വര്‍ഷങ്ങളായി കുടുംബവുമായോ നാട്ടുകാരുമായോ യാതൊരുവിധ ബന്ധവുമില്ലാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു ഇദ്ദേഹം കുവൈറ്റില്‍ കഴിഞ്ഞിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുവൈറ്റില്‍ തന്നെ സംസ്‌കരിച്ചു.

ഹമീദിന്റെ ജീവിതകഥ പുറംലോകമറിഞ്ഞത് കുവൈറ്റ് കെ.എം.സി.സി ഹെല്‍പ്പ് ഡെസ്‌കിന്റെ കൃത്യമായ ഇടപെടലിലൂടെയാണ്. മരണവിവരമറിഞ്ഞ് കെ.എം.സി.സി ഹെല്‍പ്പ് ഡെസ്‌ക് ചെയര്‍മാന്‍ നാസര്‍ എം.ആറിന്റെ നേതൃത്വത്തില്‍ നടത്തിയ സമഗ്രമായ അന്വേഷണമാണ് വഴിത്തിരിവായത്.

വര്‍ഷങ്ങളായി രേഖകളൊന്നുമില്ലാതിരുന്ന ഇദ്ദേഹത്തെ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ അധികൃതരുടെ സഹായത്തോടെ നടത്തിയ വിരലടയാള (ഫിംഗര്‍ പ്രിന്റ്) പരിശോധനയിലൂടെയും, ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പഴയ കൈയെഴുത്ത് പാസ്പോര്‍ട്ട്, പഴയ സിവില്‍ ഐഡി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയുമാണ് ഒടുവില്‍ തിരിച്ചറിയല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ നാദാപുരത്തുള്ള ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ അനുമതിയോടെ, ഇന്ത്യന്‍ എംബസിയുടെ പ്രത്യേക ഇടപെടലിലൂടെ മൃതദേഹം കുവൈറ്റില്‍ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികളും ഔദ്യോഗിക രേഖകളും കെ.എം.സി.സി പ്രവര്‍ത്തകര്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി.