കാസിരംഗയിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; 24 പേർക്ക് ദാരുണാന്ത്യം
ബോകാഘട്ടിൽ നിന്ന നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയാണ് അപകടം.
കാസിരംഗ: അസമിലെ കാസിരംഗയ്ക്ക് സമീപം മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 24 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൊക്കാഘട്ടിൽ നിന്നും നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിലാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന് തലകീഴായി മറിഞ്ഞ വാഹനത്തിനുള്ളിൽ നിന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രദേശവാസികൾ യാത്രക്കാരെ പുറത്തെടുത്തത്.
അപകടസമയത്ത് മിനിബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബസിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരുണ്ടായിരുന്നതായും, ഇതേ വാഹനത്തിന് മുൻപും ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിന്റെ വ്യാപ്തി ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. പരിക്കേറ്റവർക്ക് ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം 'എക്സി'ലൂടെ (X) വ്യക്തമാക്കി.
Comments ()