മുൻ കാമുകിക്കെതിരെ കൊലപാതക പദ്ധതി: വിവരങ്ങൾ എഫ്.ബി.ഐക്ക് കൈമാറി ഓപ്പൺഎഐ; യുവാവ് കുടുങ്ങി

മുൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി ചാറ്റ്ജിപിടിയോട് പറഞ്ഞ യുവാവിനെതിരെ നടപടി.

മുൻ കാമുകിക്കെതിരെ കൊലപാതക പദ്ധതി: വിവരങ്ങൾ എഫ്.ബി.ഐക്ക് കൈമാറി ഓപ്പൺഎഐ; യുവാവ് കുടുങ്ങി

മുൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പദ്ധതിയിട്ട വിവരങ്ങൾ ചാറ്റ്ജിപിടിയോട് (ChatGPT) തുറന്നുപറഞ്ഞ ഫ്ലോറിഡ സ്വദേശിയായ 25-കാരൻ ഡാരൻ ഷൗവിനെതിരെ ഫെഡറൽ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചു. ആറുമാസം നീണ്ട പ്രണയബന്ധം തകർന്നതിനെ തുടർന്ന് മാർച്ച് മാസത്തിലാണ് ഇയാൾ ചാറ്റ്ജിപിടി ഉപയോഗിക്കാൻ തുടങ്ങിയത്. ആദ്യഘട്ടത്തിൽ വേർപിരിയൽ ഉണ്ടാക്കിയ വിഷമങ്ങളും, മുൻ കാമുകിയുടെ ഇഷ്ടങ്ങളും സന്ദർശിച്ചിരുന്ന സ്ഥലങ്ങളും, തന്റെ അസൂയയും വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹങ്ങളുമായിരുന്നു ഇയാൾ ചാറ്റ്ബോട്ടിൽ പങ്കുവെച്ചിരുന്നത്. എന്നാൽ പിന്നീട് ഈ സംഭാഷണങ്ങൾ ബലാത്സംഗം, കൊലപാതകം, ആത്മഹത്യ തുടങ്ങിയ ഗുരുതരമായ അക്രമപദ്ധതികളിലേക്ക് വഴിമാറുകയായിരുന്നു.

മുൻ കാമുകിയെ ഈ മാസം അവസാനത്തോടെ കൊലപ്പെടുത്തുമെന്നും, അവൾ തനിക്ക് സ്വന്തമായില്ലെങ്കിൽ മറ്റാർക്കും ലഭിക്കരുതെന്നുമുള്ള സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ജിമ്മിന് സമീപം പൂക്കളുമായി കാത്തുനിന്ന്, നിരസിച്ചാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്താനും, തോക്കിൻമുനയിൽ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു തടങ്കലിൽ വെക്കാനുമായിരുന്നു ഇയാളുടെ പദ്ധതി. തനിക്ക് ആർ.എൽ-15 റൈഫിൾ, ഗ്ലോക്ക് ഹാൻഡ്ഗൺ, 12-ഗേജ് ഷോട്ട്ഗൺ തുടങ്ങിയ ആയുധങ്ങൾ ലഭ്യമാണെന്നും, തോക്കുകൾ, കയറുകൾ, ലാറ്റക്സ് കൈയുറകൾ എന്നിവയുടെ ചിത്രങ്ങൾ കാമുകിക്ക് അയച്ചു നൽകിയിട്ടുണ്ടെന്നും ഇയാൾ ചാറ്റ്ജിപിടിയോട് സമ്മതിച്ചിരുന്നു.

ചാറ്റ് സന്ദേശങ്ങൾ വിശകലനം ചെയ്ത ഓപ്പൺഎഐ (OpenAI), യഥാർത്ഥ ലോകത്ത് ഇയാൾ ഗുരുതരമായ അക്രമത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവരം ഉടൻ തന്നെ എഫ്.ബി.ഐയെ (FBI) അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ രണ്ടു മാസത്തെ ചാറ്റ് ചരിത്രം ശേഖരിക്കുകയും മേയ് മാസത്തിൽ ഡാരൻ ഷൗവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുതരമായി പിന്തുടരൽ, കൊല്ലുമെന്ന് രേഖാമൂലം ഭീഷണിപ്പെടുത്തൽ, മൊബൈൽ ഫോണിന്റെ ദുരുപയോഗം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ഓഗസ്റ്റ് 13-ന് നടന്ന വിചാരണയിൽ ഡാരൻ ഷൗ മൂന്ന് കുറ്റങ്ങളും സമ്മതിച്ചു. ജയിൽശിക്ഷയും ഗുരുതര കുറ്റവാളിയെന്ന പദവിയും ഒഴിവാക്കാനുള്ള നിയമപരമായ ധാരണയുടെ ഭാഗമായാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. തുടർന്ന് സർക്യൂട്ട് ജഡ്ജ് സ്കോട്ട് സുസ്കോവർ ഇയാൾക്ക് എട്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു. ഇതിൽ ആദ്യ രണ്ടു വർഷം കണങ്കാലിൽ ജി.പി.എസ് നിരീക്ഷണ ഉപകരണം ധരിക്കണം. കൂടാതെ, അക്രമപരമായ പെരുമാറ്റം തിരുത്തുന്നതിനുള്ള കൗൺസിലിംഗ്, മാനസികാരോഗ്യ പരിശോധന എന്നിവയ്ക്ക് വിധേയനാകാനും, മദ്യം, മയക്കുമരുന്ന്, തോക്കുകൾ എന്നിവ ഉപയോഗിക്കുന്നതും മുൻ കാമുകിയുമായി ബന്ധപ്പെടുന്നതും പൂർണ്ണമായി ഒഴിവാക്കാനും കോടതി ഉത്തരവിട്ടു.