ഗതാഗത മേഖലയിൽ സാങ്കേതിക വിപ്ലവം; ഡ്രൈവറില്ലാ ഡെലിവറി സേവനത്തിന് റിയാദിൽ തുടക്കം
ആധുനിക സാങ്കേതികവിദ്യകളും നവീന ഗതാഗത പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ഈ പദ്ധതി നടപ്പാക്കുന്നത്.
സൗദി അറേബ്യയുടെ ഗതാഗത മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് റിയാദിലെ അൽ ഫലാഹ് ജില്ലയിൽ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് ലോജിസ്റ്റിക്സ് പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.
ലെവൽ 4 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ഇലക്ട്രിക് വാഹനങ്ങളിൽ 360 ഡിഗ്രി സെൻസർ കവറേജ്, തത്സമയ റിമോട്ട് നിരീക്ഷണം, അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്താനുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഉപഭോക്താവ് ഓൺലൈനായി നൽകുന്ന ഓർഡറുകൾ വാഹനം സ്വയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നൽകും.
ഡെലിവറി ചെലവ് 85 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതി, പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ കാർബൺ പുറന്തള്ളലോ ശബ്ദമലിനീകരണമോ ഉണ്ടാക്കുന്നില്ല. രാജ്യത്തെ ഭാവി സ്മാർട്ട് ഗതാഗത സംവിധാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.
Comments ()