പാട്ടുവേദികൾ കീഴടക്കാനെത്തി, മടങ്ങിയത് ജീവനില്ലാതെ; നിസാർ വയനാടിന്റെ വേർപാടിൽ പ്രവാസലോകം

വയനാട് കൽപറ്റ കമ്പളക്കാട് സ്വദേശിയായ നിസാർ രണ്ടാഴ്ച മുൻപാണ് സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയത്. ബർദുബായിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന അദ്ദേഹം യുഎഇയിലെ വിവിധ വേദികളിൽ സംഗീത പരിപാടികളിൽ സജീവമായിരുന്നു

പാട്ടുവേദികൾ കീഴടക്കാനെത്തി, മടങ്ങിയത് ജീവനില്ലാതെ; നിസാർ വയനാടിന്റെ വേർപാടിൽ പ്രവാസലോകം

ദുബൈ:ദുബൈയിലെ സംഗീതവേദികളിൽ സജീവമായിരുന്ന നിസാർ വയനാടിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തെ ദുഃഖത്തിലാഴ്ത്തി. പനി ബാധിച്ച് ദുബൈ മൻഖൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാപ്പിളപ്പാട്ട് ഗായകൻ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. സംഗീത പരിപാടികൾക്കായി യുഎഇയിലെത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു അപ്രതീക്ഷിത അന്ത്യം.

വയനാട് കൽപറ്റ കമ്പളക്കാട് സ്വദേശിയായ നിസാർ രണ്ടാഴ്ച മുൻപാണ് സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയത്. ബർദുബായിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന അദ്ദേഹം യുഎഇയിലെ വിവിധ വേദികളിൽ സംഗീത പരിപാടികളിൽ സജീവമായിരുന്നു.

മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധ നേടിയ നിസാർ നിരവധി ഗാനങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ഗാനങ്ങൾ ആലപിച്ചും അദ്ദേഹം ആരാധകശ്രദ്ധ നേടിയിരുന്നു. കേരളത്തിലും വിദേശത്തുമായി നിരവധി ആരാധകരുള്ള ഗായകന്റെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.

വരാനിരുന്ന സംഗീത പരിപാടികൾക്കുള്ള തയ്യാറെടുപ്പിലായിരുന്നു നിസാർ. പ്രമുഖ സ്റ്റേജ് ഷോ സംഘാടകനും കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയുമായ ബെൻസറിന്റെ നേതൃത്വത്തിലുള്ള പരിപാടികളിലും പങ്കെടുക്കാനായിരുന്നു പ്രധാനമായും യുഎഇയിലെത്തിയത്. ദുബൈയ്ക്ക് പിന്നാലെ സൗദിയിലും വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അതിന് മുമ്പേ മരണം സംഭവിക്കുകയായിരുന്നു.