മായ ടാറ്റയ്ക്ക് വെസ്റ്റ്‌സൈഡിന്റെ ഓണ്‍ലൈന്‍, ആഗോള വിപണി ചുമതല, ടാറ്റ ഗ്രൂപ്പിന്റെ അടുത്ത വളര്‍ച്ചാ തന്ത്രത്തില്‍ നിര്‍ണായക നീക്കം
ഇന്ത്യൻ റീട്ടെയിൽ മേഖലയിലെ ശക്തമായ വളർച്ചയ്ക്ക് പിന്നാലെ വെസ്റ്റ്സൈഡിനെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി വേഗത്തിലാക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ റീട്ടെയിൽ ബിസിനസിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ട്രെന്റ് ലിമിറ്റഡിന്റെ കീഴിലുള്ള പ്രമുഖ ഫാഷൻ ബ്രാൻഡായ വെസ്റ്റ്സൈഡിന്റെ (Westside) ഓൺലൈൻ ബിസിനസിന്റെയും അന്താരാഷ്ട്ര ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങളുടെയും ചുമതല മായ ടാറ്റ ഏറ്റെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, നിയമനം സംബന്ധിച്ച് ട്രെന്റ് ലിമിറ്റഡോ ടാറ്റ ഗ്രൂപ്പോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഇന്ത്യൻ റീട്ടെയിൽ മേഖലയിലെ ശക്തമായ വളർച്ചയ്ക്ക് പിന്നാലെ വെസ്റ്റ്സൈഡിനെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി വേഗത്തിലാക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎഇയിൽ ആദ്യ അന്താരാഷ്ട്ര സ്റ്റോർ ആരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റും മറ്റ് വിദേശ വിപണികളും ലക്ഷ്യമിട്ടുള്ള വികസന തന്ത്രത്തിലാണ് കമ്പനി.
37-കാരിയായ മായ ടാറ്റ, ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ ഇളയ മകളും അന്തരിച്ച രത്തൻ ടാറ്റയുടെ അനന്തരവളുമാണ്. ബിസിനസ് മാനേജ്‌മെന്റിലും ഫിനാൻസിലും വിദേശ വിദ്യാഭ്യാസം നേടിയ മായ, ടാറ്റ കാപ്പിറ്റലിലെ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലും പിന്നീട് ടാറ്റ ഡിജിറ്റലിലും പ്രവർത്തിച്ച് ഡിജിറ്റൽ ബിസിനസ്, നിക്ഷേപം, ഉപഭോക്തൃ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ അനുഭവസമ്പത്ത് നേടിയിട്ടുണ്ട്.
ട്രെന്റ് ലിമിറ്റഡിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളിൽ ഒന്നാണ് വെസ്റ്റ്സൈഡ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 40 ശതമാനവും ഈ ബ്രാൻഡിൽ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തുടനീളം സ്റ്റോർ ശൃംഖല വികസിപ്പിക്കുന്നതിനൊപ്പം ഡിജിറ്റൽ വിൽപ്പനയും അന്താരാഷ്ട്ര സാന്നിധ്യവും ശക്തിപ്പെടുത്തുക എന്നതാണ് കമ്പനിയുടെ നിലവിലെ തന്ത്രം.
പ്രതിവർഷം ഏകദേശം 50 പുതിയ വെസ്റ്റ്സൈഡ് സ്റ്റോറുകൾ തുറക്കാനാണ് ട്രെന്റിന്റെ ലക്ഷ്യം. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 53 പുതിയ സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചതോടെ രാജ്യത്തെ പ്രമുഖ ഫാഷൻ റീട്ടെയിൽ ശൃംഖലകളിലൊന്നായി വെസ്റ്റ്സൈഡ് സ്ഥാനം കൂടുതൽ ഉറപ്പിച്ചു.
വെസ്റ്റ്സൈഡിന് പുറമെ വേഗത്തിൽ വളരുന്ന ഫാഷൻ ബ്രാൻഡായ Zudio, സൂപ്പർമാർക്കറ്റ് ശൃംഖലയായ Star Bazaar എന്നിവയും ട്രെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്. 2026 സാമ്പത്തിക വർഷാവസാനത്തോടെ ഏകദേശം 19,700 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിക്ക് ഇന്ത്യയിലെ 321 നഗരങ്ങളിലായി 1,286 സ്റ്റോറുകളുടെ ശൃംഖലയുണ്ട്.
ട്രെന്റ് ലിമിറ്റഡ് ചെയർമാനായ നോയൽ ടാറ്റ ഈ വർഷം നവംബറിൽ വിരമിക്കാനിരിക്കെ, മായ ടാറ്റയ്ക്ക് പുതിയ ഉത്തരവാദിത്വം ലഭിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ ഗ്രൂപ്പിലെ അടുത്ത തലമുറ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നാൽ, ഡിജിറ്റൽ റീട്ടെയിലും ആഗോള വിപണി വികസനവും കേന്ദ്രീകരിച്ചുള്ള ടാറ്റ ഗ്രൂപ്പിന്റെ പുതിയ വളർച്ചാ തന്ത്രത്തിലെ പ്രധാന മുഖമായി മായ ടാറ്റ മാറാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
Comments ()