രണ്ട് ദിവസമായി കാണാനില്ല; എംബിബിഎസ് വിദ്യാർഥി കാറിനുള്ളിൽ മരിച്ച നിലയിൽ
രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ ആഷിക്കിന്റെ കാർ കണ്ടെത്തിയത്
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കിനെയാണ് കല്ലമ്പലം ദേശീയപാതയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ ആഷിക്കിന്റെ കാർ കണ്ടെത്തിയത്. രാത്രി എട്ടരയോടെ നടത്തിയ പരിശോധനയിൽ യുവാവിനെ കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിക്കരിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശികളായ അൻസാർ–സീന ദമ്പതികളുടെ മകനാണ് ആഷിക്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Comments ()